പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി അൻവർ; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും
|'ഇപ്പോൾ നേതാവായി നെറ്റിയിൽ ചാപ്പയടിച്ചയാളൊന്നും വേണമെന്നില്ല. ഈ നെക്‌സസിന്റെ ഭാഗമാവാത്ത ആരെങ്കിലുമുണ്ടെങ്കിൽ വരാം. അല്ലെങ്കിൽ പുതിയ ടീം വരും'- അൻവർ പറഞ്ഞു.
മലപ്പുറം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച പി.വി അൻവർ എംഎൽഎ. തൻ്റെ പാർട്ടിയിൽ ജനങ്ങളിൽനിന്ന് പുതിയ നേതാക്കൾ ഉയർന്നു വരും. പൊളിറ്റിക്കൽ നെക്സസിൻ്റെ ഭാഗമല്ലാത്ത നേതാകൾക്കും അതിന്റെ ഭാഗമാകാം. അധികം വൈകാതെ പാർട്ടി രൂപീകരിക്കും. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇനി പറയാതിരുന്നിട്ട് കാര്യമില്ല. അധികം വൈകാതെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. നിലവിലുള്ളവരെയൊക്കെ നേതാവാക്കിയത് ആരാ, ജനങ്ങളല്ലേ. അപ്പോൾ ഈ പാർട്ടിയിലെ നേതാക്കളും ജനങ്ങളിൽനിന്ന് വരും. ഇപ്പോൾ നേതാവായി നെറ്റിയിൽ ചാപ്പയടിച്ചയാളൊന്നും വേണമെന്നില്ല. ഈ നെക്‌സസിന്റെ ഭാഗമാവാത്ത ആരെങ്കിലുമുണ്ടെങ്കിൽ, യോജിക്കാൻ തയാറാണെങ്കിൽ യോജിപ്പിക്കും. അല്ലെങ്കിൽ പുതിയ ടീം വരും. യുവാക്കൾ വരും'.
'21 വയസായ ആർക്കും ഇവിടെ മത്സരിക്കാമല്ലോ. നമ്മളുയർത്തുന്ന വിഷയങ്ങളെയും നയങ്ങളെയും നമ്മൾ പറയുന്ന ആദർശങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയായിരിക്കും അതിന്റെ നേതാവ്. അയാൾ ചെറുതാകാം. വലുതാകാം. ആളുകളുടെ വലിപ്പം കാണിച്ച് അതിന് വോട്ട് വാങ്ങുകയല്ല. ഉയർത്തുന്ന ആശയങ്ങൾക്കും ആദർശങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമൊപ്പം നിൽക്കാവുന്ന ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്'.
'തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ ഈ പാർട്ടിയുടെ സ്ഥാനാർഥികൾ മത്സരിക്കും. അധികം വൈകാതെ പാർട്ടി പ്രഖ്യാപനം ഉണ്ടാവും. തികച്ചും സെക്യുലറിസത്തിൽ ഊന്നിയുള്ള പാർട്ടിയായിരിക്കും. സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പം നിന്ന്, കഷ്ടപ്പെടുന്ന ആളുകളെ സഹായിച്ച്, പ്രത്യേകിച്ച് എസ്‌സി-എസ്ടി വിഭാഗങ്ങളെ കൂടെച്ചേർത്തുള്ള ഒരു രാഷ്ട്രീയ പാർട്ടിയാവും. ആ പാർട്ടിക്ക് കാഴ്ചപ്പാടുകൾ ഉണ്ടാവും. അത് അതന്റേതായ ഘട്ടത്തിൽ വിശദീകരിക്കും'- അൻവർ വിശദമാക്കി.