ലക്ഷദ്വീപില്‍ അടിയന്തര ചികിത്സ വൈകും വിധത്തില്‍ പുതിയ ചട്ടങ്ങള്‍
|ചികിത്സ ആവശ്യമുള്ളവരെ ഹെലികോപ്റ്റർ വഴി കൊണ്ടുപോകണോ എന്ന് തീരുമാനിക്കാന്‍ കമ്മിറ്റിയെ നിശ്ചയിച്ച് ഉത്തരവിറങ്ങി.
ലക്ഷദ്വീപില്‍ അടിയന്തര ചികിത്സ വൈകും വിധത്തില്‍ പുതിയ ചട്ടങ്ങള്‍ വരുന്നു. ചികിത്സ ആവശ്യമുള്ളവരെ ഹെലികോപ്റ്റർ വഴി കൊണ്ടുപോകണോ എന്ന് തീരുമാനിക്കാന്‍ കമ്മിറ്റിയെ നിശ്ചയിച്ച് ഉത്തരവിറങ്ങി. ഡോക്ടർമാരടങ്ങുന്നതാണ് കമ്മിറ്റി. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശമനുസരിച്ച് രോഗിയെ മാറ്റാമെന്ന വ്യവസ്ഥയാണ് നീക്കിയത്.
അടിയന്തര ചികിത്സ പരമാവധി അഗത്തിയിലെയും കവരത്തിയിലെയും ആശുപത്രിയിലാക്കാനും നിർദേശമുണ്ട്. അതി ഗുരുതരാവസ്ഥയിലായവരെ മാത്രം കൊച്ചിയിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം.
തുടയെല്ല് പൊട്ടലുള്‍പ്പെടെ പ്രശ്നങ്ങളുള്ളവരെ കപ്പലില്‍ മാറ്റിയാല്‍ മതിയെന്നാണ് പുതിയ നിർദേശം. കപ്പൽ കൊച്ചിയിലെത്താൻ 16 മണിക്കൂർ വേണ്ടിവരും. അഗത്തിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചാലും കമ്മറ്റിയുടെ അനുവാദം തേടണം. കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന ഈ വ്യവസ്ഥ ചികിത്സ വൈകാന്‍ കാരണമാകുമെന്നാണ് ആശങ്ക.