Kerala
ഓര്‍ത്തഡോക്സ് സഭക്ക് പുതിയ പരമാധ്യക്ഷന്‍; മലങ്കര അസോസിയേഷന്‍ യോഗം ഇന്ന്
Kerala

ഓര്‍ത്തഡോക്സ് സഭക്ക് പുതിയ പരമാധ്യക്ഷന്‍; മലങ്കര അസോസിയേഷന്‍ യോഗം ഇന്ന്

Web Desk
|
14 Oct 2021 1:22 AM GMT

മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പമരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഇന്ന് തെരഞ്ഞെടുക്കും

മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പമരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ ഇന്ന് തെരഞ്ഞെടുക്കും. പരുമല സെമിനാരിയിലും മറ്റ് 49 കേന്ദ്രങ്ങളിലുമായി നടക്കുന്ന മലങ്കര അസോസിയഷന്‍ യോഗമാണ് പരമാധ്യക്ഷനെ തെരഞ്ഞെടുക്കുക. ഏറെ സന്തോഷത്തോടെയാണ് പുതിയ നിയോഗം ഏറ്റെടുക്കുന്നതെന്ന് നിയുക്ത കാതോലിക്ക ബാവ വ്യക്തമാക്കി.

30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളെ പ്രതിനിധീകരിച്ച് 4007 പേരാണ് മലങ്കര സുറിയാനി അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കുക. പ്രധാന പുരോഹിതരും നേതാക്കളും ഒത്തു ചേരുന്ന പരുമല സെമിനാരിക്ക് പുറമെ 49 കേന്ദ്രങ്ങളിലായി ഓണ്‍ലൈന്‍ മുഖേനയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും. മലങ്കര സഭയുടെ അമരക്കാരനായി ഡോ. മാത്യൂസ് മാ‍ര്‍ സേവേറിയോസിനെ ഐക്യകണ്ഠേനയാവും അസോസിയേഷന്‍ തെരഞ്ഞെടുക്കുക. പുതിയ നിയോഗം ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും ദൈവ കൃപയാല്‍ ലഭിച്ച അവസരമാണിതെന്നും നിയുക്ത കാതോലിക്ക ബാവ പറഞ്ഞു.

ഔദ്യോഗിക നടപടി ക്രമങ്ങളും പ്രാര്‍ഥന ചടങ്ങുകളും പൂര്‍ത്തിയാക്കി ഉച്ചക്ക് ഒരു മണിയോടെയാവും യോഗം ആരംഭിക്കുക. ഇതിന് ശേഷം പ്രത്യേക സുന്നഹദോസ് ചേര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ സംബന്ധിച്ച തീരുമാനം എടുക്കും. കോവിഡ് മാനദണ്ഡങ്ങളോടെ നടക്കുന്ന ചടങ്ങളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടർന്നാണ് സഭ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. മലങ്കര സഭയുടെ 22ാമത്തെ മെത്രാപ്പോലീത്തയായും ഒന്‍പതാമത്തെ കാതോലിക്കയുമായാണ് മാര്‍ സേവേറിയോസ് പരമാധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.

Similar Posts