കെടുകാര്യസ്ഥതയെ കുറിച്ച് വാർത്ത; പിന്നാലെ പത്രവിലക്കുമായി തൃശൂര്‍ മെഡിക്കല്‍ കോളജ്
|പത്രക്കെട്ടുകളുമായി വന്ന വാഹനം തടഞ്ഞു.
തൃശൂര്‍: തൃശൂർ മെഡിക്കൽ കോളജിൽ പത്രവിലക്ക് ഏർപ്പെടുത്തി ആർ.എം.ഒ. ചികിത്സാ പിഴവും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടി വാർത്ത നൽകിയതിനാലാണ് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പത്രങ്ങൾ വിലക്കിയതെന്നാണ് ആരോപണം. പത്രക്കെട്ടുകളുമായി വന്ന വാഹനം സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു.
"കൊറോണ വന്നപ്പോള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സാധനങ്ങളെല്ലാം മാറ്റാന്‍ പറഞ്ഞു. പത്രം വില്‍ക്കേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്"- പത്രം ഏജന്‍റായ രമ്യ സതീഷ് പറഞ്ഞു.
പ്രസവത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് ശേഷം മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്ത രമ്യയുടെ തൊഴിൽ ആണ് മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചത്. കഴിഞ്ഞ 25 വർഷമായി കേരളത്തിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ആനുകാലികങ്ങളും മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ വിൽക്കുന്നുണ്ട്. അനുമതി വാങ്ങി നടത്തുന്ന വില്‍പ്പന പെട്ടെന്ന് അവസാനിപ്പിക്കാൻ പറഞ്ഞതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.
മെഡിക്കൽ കോളജിലെ ചികിത്സ, ധനവിനിയോഗം തുടങ്ങിയ കാര്യങ്ങളിലെ കെടുകാര്യസ്ഥത സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.എം.ഒ ഡോ. രൺദീപിന്‍റെ നടപടി.