![അടുത്ത 24 മണിക്കൂർ നിർണായകം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അടുത്ത 24 മണിക്കൂർ നിർണായകം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം](https://www.mediaoneonline.com/h-upload/2022/08/04/1310630-untitled-1.webp)
'അടുത്ത 24 മണിക്കൂർ നിർണായകം'; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
![](/images/authorplaceholder.jpg?type=1&v=2)
മഴ രൂക്ഷമാകാൻ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
ഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിന് അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണിക്കൂറിൽ എട്ട് മുതൽ 12 സെന്റീമീറ്റർ വരെ മഴയാണ് ഇപ്പോൾ പെയ്യുന്നതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആർ.കെ ജനാമണി പറഞ്ഞു. ചാലക്കുടി പുഴയിലടക്കം ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യമാണുള്ളത്.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ രൂക്ഷമാകാൻ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണെന്നും 24 മണിക്കൂർ കൂടുന്തോറും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുന്നറയിപ്പിൽ മാറ്റം വന്നേക്കാമെന്നും ആർ കെ ജനാമണി പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് .ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്.
ചാലക്കുടിപ്പുഴയിലെ ഒഴുക്കിനെ അതീവ ഗൗരവതരമായി കാണണമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. പുഴയുടെ തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കണം. ചാലക്കുടിയിൽ ഒരു മണിക്കൂറിനുള്ളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും വൈകുന്നേരത്തോടെ പുഴയിൽ ജലനിരപ്പുയരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ചാലക്കുടിയിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം. മുന്നറിയിപ്പുകൾ എപ്പോൾ വേണമെങ്കിലും മാറാം. വേണമെങ്കിൽ മത്സ്യ തൊഴിലാളികളുടെ ബോട്ടുകൾ ഉപയോഗിക്കാം. ഒരു എൻ.ഡി.ആർ.എഫ് സംഘം കൂടി എത്തുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവർത്തന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിൽക്കണമെന്നും മന്ത്രി നിർദേശിച്ചു.സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയാണ്. അലർട്ടുകളിലെ മാറ്റം ഗൗരവതരമായി കാണണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.