Kerala
കോവിഡ്: കേരളത്തിന് അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി
Kerala

കോവിഡ്: കേരളത്തിന് അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

Web Desk
|
29 July 2021 4:47 PM GMT

ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം നല്ല രീതിയിലാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്‍റൈനിലാക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ചികിത്സ ഉറപ്പാക്കാനാണ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധം സംബന്ധിച്ച് കേരളം സ്വീകരിച്ച രീതികളെ വിദഗ്ധര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്സിജന്‍ കിട്ടാതെയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും തീവ്രപരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറയുന്നുണ്ട്. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് 22,064 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3514, തൃശൂര്‍ 2738, കോഴിക്കോട് 2597, എറണാകുളം 2317, പാലക്കാട് 1433, കൊല്ലം 1514, കണ്ണൂര്‍ 1194, തിരുവനന്തപുരം 1113, കോട്ടയം 933, ആലപ്പുഴ 978, കാസര്‍ഗോഡ് 914, വയനാട് 679, പത്തനംതിട്ട 553, ഇടുക്കി 414 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1013, കൊല്ലം 889, പത്തനംതിട്ട 406, ആലപ്പുഴ 768, കോട്ടയം 1148, ഇടുക്കി 331, എറണാകുളം 2026, തൃശൂര്‍ 2713, പാലക്കാട് 960, മലപ്പുറം 2779, കോഴിക്കോട് 1653, വയനാട് 463, കണ്ണൂര്‍ 755, കാസര്‍ഗോഡ് 745 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Similar Posts