Kerala
NHM recruitment fraud,  Health Minister,  written complaint, police, veena george personal staff, akhil mathew, latest malayalam news, എൻ.എച്ച്.എം നിയമന തട്ടിപ്പ്, ആരോഗ്യമന്ത്രി, രേഖാമൂലം പരാതി, പോലീസ്, വീണാ ജോർജ്ജ് പേഴ്‌സണൽ സ്റ്റാഫ്, അഖിൽ മാത്യു, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

എൻ.എച്ച്.എം നിയമന തട്ടിപ്പ്; പൊലീസിൽ രേഖാമൂലം പരാതി നൽകിയെന്ന് ആരോഗ്യമന്ത്രി

Web Desk
|
27 Sep 2023 9:21 AM GMT

കൈക്കൂലി കേസിൽ ആരോപണവിധേയനായ മുൻ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ ഓഫീസ് സെക്രട്ടറി അഖിൽ സജീവിനെ നേരത്തെ മോശം ധനകാര്യ ഇടപാടുകളുടെ പേരിൽ പാർട്ടി പുറത്താക്കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരായ കൈക്കൂലി ആരോപണത്തിൽ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് വീണാ ജോർജ്. അന്വേഷണം തന്റെയും ആരോഗ്യ വകുപ്പിന്റെയും ആവശ്യമാണെന്നും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം തെറ്റാണെന്നാണ് അഖിലിന്‍റെ വിശദീകരണമെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 13ന് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചിരുന്നു. അന്ന് തന്നെ അഖിലിനോട് വിശദീകരണം ചോദിച്ചെന്നും അയാള്‍ അത് നൽകിയെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ആരോപണവിധേയനായ അഖിലും പരാതി നൽകിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. അഴിമതി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. സംഭവത്തിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അന്വേഷിക്കണം. സർക്കാരിനും ആരോഗ്യവകുപ്പിനും ഇക്കാര്യത്തിൽ ഒരേ തീരുമാനമാണ്. കൈക്കൂലി കേസിൽ ആരോപണവിധേയനായ പത്തനംതിട്ട സി.ഐ.ടി.യു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവിനെ നേരത്തെ മോശം ധനകാര്യ ഇടപാടുകളുടെ പേരിൽ പാർട്ടി പുറത്താക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സിഐടിയു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്.

ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉൾപ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുൻപ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നൽകി.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹരിദാസ് പറയുന്നു.

Similar Posts