കൊല്ലത്ത് മുൻ പി.എഫ്.ഐ പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്; ഡയറിയും ആധാർ രേഖയും പിടിച്ചെടുത്തു
|ചവറയിൽ ഇന്നലെ നടന്ന റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു
കൊല്ലം: കൊല്ലത്ത് ഇന്നും എൻ.ഐ.എ റെയ്ഡ്.നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ ഡയറിയും ആധാർ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദ്ദീൻ വീട്ടിലുണ്ടായിരുന്നില്ല. പുലർച്ചെ 3.15 ന് ആരംഭിച്ച പരിശോധന 6.30 ഓടെ അവസാനിച്ചു.
ഇന്നലെയും കൊല്ലം ചവറയിൽ എൻ.ഐ.എ റെയ്ഡ് നടന്നിരുന്നു. പുലർച്ചെ 3.15 ഓടെയാണ് ചവറയിൽ പരിശോധന നടന്നത്. ചവറയിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചവറ മുക്കത്തോട് സ്‌കൂളിന് സമീപം മന്നാടത്തുതറ വീട്ടിൽ മുഹമ്മദ് സാദിഖ് ആണ് (40) അറസ്റ്റിലായത്.
കുറച്ചുനാളായി സാദിഖ് എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. ചവറ പൊലീസിൻറെ സഹായത്തോടെ എൻ.ഐ.എ സംഘം വീട് വളഞ്ഞ് സാദിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന് ലഘുലേഖകളും ഡയറിയും മൊബൈൽ ഫോണും സിം കാർഡുകളും യാത്രരേഖകളും കണ്ടെടുത്തിരുന്നു. സാദിഖിനെ എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.