സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്
|തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. അമ്പതിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടക്കുന്നത്. പുലർച്ചെ നാലരയോടെയാണ് റെയ്ഡിനായി എൻ.ഐ.എ സംഘം എത്തിയത്.
തിരുവനന്തപുരത്ത് തോന്നയ്ക്കൽ, തൊളിക്കോട് എന്നിവിടങ്ങളിലാണ് പരിശോധന. എറണാകുളം റൂറിൽ 12 ഇടങ്ങളിലാണ് പരിശോധന. പി.എഫ്.ഐ സംസ്ഥാന സമിതി അംഗമായിരുന്ന അഷ്‌റഫ് എം.കെ മുവാറ്റുപുഴയിലെ വീട്ടിൽ അടക്കമാണ് പരിശോധന നടക്കുന്നത്.
പത്തനംതിട്ട കുലശേഖരപേട്ടയിലെ പി.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടിലാണ് പരിശോധന. കോഴിക്കോട് ആനക്കുഴിക്കര, പാലേരി, നാദാപുരം എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നാദാപുരം വിലാദപുരത്ത് നൗഷാദ് എന്നയാളുടെ വീട്ടിലാണ് റെയ്ഡ്. ആനക്കുഴിക്കര റഫീഖ് എന്ന പ്രവർത്തകന്റെ വീട്ടിലും പാലേരിയിൽ കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലുമാണ് പരിശോധന.
ആലപ്പുഴ ജില്ലയിൽ നാലിടത്ത് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും റെയ്ഡുണ്ട്. ചന്തിരൂർ, വണ്ടാനം, വീയപുരം, കായംകുളം എന്നിവിടങ്ങളിലെ പ്രധാന പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ്.
മലപ്പുറത്തും പോപുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന നടക്കുന്നുണ്ട്. നാലിടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലാണ് പരിശോധന. മുമ്പ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒ.എം.എ സലാമിന്റെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
കൊല്ലം ജില്ലയിൽ മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് റെയ്ഡ്. ചക്കുവള്ളിയിൽ പി.എഫ്.ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിന്റെ വീട്ടിലാണ് റെയ്ഡ്. ഓച്ചിറ സ്വദേശി അൻസാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. വളപട്ടണം, ന്യൂ മാഹി, കാക്കാട്, മട്ടന്നൂർ, കീഴ്ത്തള്ളി എന്നിവിടങ്ങളിലെ മുൻ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്.