Kerala
പോപുലർ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തി: എന്‍.ഐ.എ കോടതിയില്‍
Kerala

'പോപുലർ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തി': എന്‍.ഐ.എ കോടതിയില്‍

Web Desk
|
23 Sep 2022 12:54 AM GMT

റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി എൻ.ഐ.എ കസ്റ്റഡി അപേക്ഷ നൽകും.

കേരളത്തില്‍ അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകർ ഐ.എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ.ഐ.എ. പ്രതികൾ ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഢാലോചന നടത്തിയെന്നും പ്രത്യേക മത വിഭാഗത്തിനിടയിൽ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി എൻ.ഐ.എ കസ്റ്റഡി അപേക്ഷ നൽകും.

പോപുലർ ഫ്രണ്ടിന്‍റെ പ്രവർത്തനം തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഇടയാക്കുന്നുവെന്നും സർക്കാർ നയങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പ്രത്യേക മത വിഭാഗത്തിനിടയിൽ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനത്തിന് പണം സ്വരൂപിക്കുന്നു, ലഷ്കർ ഇ ത്വയ്യിബ പോലെയുള്ള തീവ്രവാദ സംഘടനകളെ പി.എഫ്.ഐ സഹായിക്കുന്നു എന്നെല്ലാമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നിലവിൽ 13 പ്രതികളാണ് ഉള്ളത്. ഇതിൽ 10 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. ഇവരെ 30 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.

കേസിൽ കാസർകോട് സ്വദേശിയായ ഒരാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ അബ്ദുല്‍ സത്താർ, സി.എ റൗഫ് എന്നിവർ പ്രതികൾ ആണെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ തെളിവുകൾ ഇല്ലാതെ വെറുതെ പുകമറ സൃഷ്ടിക്കുകയാണ് എൻ.ഐ.എ എന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു.

Related Tags :
Similar Posts