പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ്
|പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ കാരണങ്ങളിൽ പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
പാലക്കാട്: പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ കാരണങ്ങളിൽ പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
രാവിലെ ഒമ്പതരയോടെയാണ് എൻ.ഐ.എ സംഘം സി.എ റൗഫുമായി പാലക്കാട് എസ്.പി ഓഫീസിൽ എത്തിയത്. പിന്നാലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി എം. അനിൽ കുമാറുമെത്തി. അരമണിക്കൂറോളം അന്വേഷണസംഘവുമായി ചർച്ച നടത്തി. ശ്രീനിവാസൻ വധക്കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും എന്ന സൂചനകളുണ്ട്. പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനക്ക് എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.
പോപുലർ ഫ്രണ്ട് നിരോധന ഉത്തരവിൽ ശ്രീനിവാസൻ വധകേസും പരാമർശിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്തു ആയിരുന്നു ആദ്യ തെളിവെടുപ്പ്. റൗഫിനെ വണ്ടിയിൽനിന്ന് ഇറക്കിയില്ല. ഉദ്യോഗസ്ഥർ മോർച്ചരി പരിസരം, ചില വീടുകൾ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പി.എഫ്.ഐ നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ റൗഫ് അടക്കമുള്ള നേതാക്കളുടെ അറിവോടെ ഇവിടെ ഗൂഡലോചന നടന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പോപുലർ ഫ്രണ്ടിന്റെ ഫണ്ട് , സമരപരിപാടികൾ, വിവിധ കേസിലെ പ്രതികൾക്കുള്ള നിയമസഹായം എന്നിവ കൈകാര്യം ചെയ്തിരുന്നത് റൗഫ് ആയിരുന്നു. ഒക്ടോബർ 28ന് പുലർച്ചെ ആണ് പട്ടാമ്പിയിലെ വീട് വളഞ്ഞ് എൻ.ഐ.എ റൗഫിനെ കസ്റ്റഡിയിലെടുത്തത്.