ചേതനയറ്റ് നിദ, മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ഒരുനോക്കു കാണാന്‍ അധ്യാപകരും സഹപാഠികളും
|ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനായി നാഗ്പൂരിലെത്തിയ നിദ ഛർദിച്ച് കുഴഞ്ഞുവീണതിനു പിന്നാലെ ആശുപത്രിയിൽ മരിക്കുന്നത്
ആലപ്പുഴ: നാഗ്പൂരിൽ മരിച്ച മലയാളി സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലെത്തിച്ചു. കാക്കാഴം പള്ളിയിലെത്തിച്ച മൃതദേഹം പിന്നീട് നിദ പഠിച്ച നീർക്കുന്നം എസ്.ഡി.വി സ്‌കൂളിലേക്ക് കൊണ്ടുപോയി. സ്‌കൂളിൽ 9.30 മുതൽ പൊതുദർശനം ആരംഭിച്ചു. മന്ത്രി പി. പ്രസാദ്, അമ്പലപ്പുഴ എം.എൽ.എ പി.എച്ച് സലാം തുടങ്ങി പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിട്ടുണ്ട്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിനുപേര്‍ നിദയെ അവസാനമായൊരു നോക്കുകാണാനെത്തിയിട്ടുണ്ട്.
ഇന്നു രാവിലെ ആറു മണിയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. അവിടെ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്‌സിക്കുട്ടൻ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പിതാവ് ശിഹാബുദ്ദീനും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.
സ്കൂളിലെ പൊതുദര്‍ശനത്തിനുശേഷം കാക്കാഴത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. 12.30ന് കാക്കാഴം പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.
ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദ അടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.
നാഗ്പൂരിലെത്തിയ താരങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു. എന്നാൽ താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം.
Summary: The body of Malayali cycle polo star Nida Fatima, who died in Nagpur, was brought in Nedumbassery airport.