Kerala
Nida Fathimas family to get own house
Kerala

നിദ ഫാത്തിമയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സൈക്കിൾ പോളോ അസോസിയേഷൻ 25 ലക്ഷം നൽകും

Web Desk
|
11 July 2023 1:08 PM GMT

സംസ്ഥാന സർക്കാർ നൽകിയ 5 ലക്ഷം രൂപ കൂടി ചേർത്ത് 30 ലക്ഷം രൂപയിൽ സ്ഥലവും വീടും സാധ്യമാക്കും

നാഗ്പൂരിൽ മരണപ്പെട്ട സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് 25 ലക്ഷം രൂപ സൈക്കിൾ പോളോ അസോസിയേഷൻ സമാഹരിച്ച് നൽകും. സംസ്ഥാന സർക്കാർ നൽകിയ 5 ലക്ഷം രൂപ കൂടി ചേർത്ത് 30 ലക്ഷം രൂപയിൽ സ്ഥലവും വീടും യാഥാർഥ്യമാക്കുമെന്ന് എച്ച്.സലാം എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

"15 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും 15 ലക്ഷം രൂപ വീട് നിർമിക്കുന്നതിനുമാണ് ചെലവഴിക്കുക. ഇതിന് പുറമെ വേണ്ടി വരുന്ന പണം പ്രാദേശികമായി സമാഹരിക്കും". എം.എൽ.എ കുറിപ്പിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം:

നിദ ഫാത്തിമയുടെ കുടുംബത്തിന് ഭവനം ഒരുങ്ങുന്നു...

നാഗ്പൂരിൽ വച്ച് മരണപ്പെട്ട സൈക്കിൾ പോളോ താരം 10 വയസ്സുകാരി നിദയുടെ കുടുംബത്തിന് സ്വന്തമായി കിടപ്പാടം യാഥാർത്ഥ്യമാകുന്നു. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സംസ്ഥാന സൈക്കിൾ പോളോ അസോസിയേഷനാണ് ഇതിന് ആവശ്യമായ 25 ലക്ഷം രൂപ സമാഹരിച്ച് നൽകുന്നത്.

സംസ്ഥാന സർക്കാർ നൽകിയ 5 ലക്ഷം രൂപ കൂടി ചേർത്ത് 30 ലക്ഷം രൂപയിൽ സ്ഥലവും വീടും സാധ്യമാക്കും. 15 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും 15 ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനുമാണ് ചെലവഴിക്കുക. ഇതിന് പുറമേ വേണ്ടിവരുന്ന കുറച്ച് പണം പ്രാദേശികമായി സമാഹരിക്കും. ആഗസ്റ്റ് 17 ന് ആധാരം രജിസ്റ്റർ ചെയ്യും. തൊട്ടടുത്ത ആഴ്ചയിൽ വീട് നിർമ്മാണം ആരംഭിക്കും.

നിദയുടെ മൃതദേഹം ഏറ്റുവാങ്ങുവാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെളുപ്പിന് എത്തിയപ്പോൾ എന്റെ ദീർഘനാളത്തെ സുഹൃത്തുക്കൾ ആയിരുന്ന സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കരമന ഹരിയും എറണാകുളം ജില്ലയുടെ ഭാരവാഹി സക്കീർ ഹുസൈനും അവിടെ ഉണ്ടായിരുന്നു.. അവിടെ വെച്ച് സംസാരിക്കുമ്പോൾ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കാര്യം ഞാൻ അവരോട് പറഞ്ഞപ്പോൾ തന്നെ " വീട് നിർമ്മിച്ചു നൽകുന്ന കാര്യം ഞങ്ങൾ അസോസിയേഷൻ ആലോചിക്കാം " എന്ന വാക്ക് അവർ പറഞ്ഞിരുന്നു..

അന്ന് പറഞ്ഞ വാക്ക് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നു. 25 ലക്ഷം രൂപ സമാഹരിച്ച് വീട് നിർമ്മിച്ചു നൽകുന്നതിന് തീരുമാനിച്ച സംസ്ഥാനസൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് കരമന ഹരിയേയും മറ്റ് ഭാരവാഹികളെയും ജില്ലാ അസോസിയേഷൻ ഭാരവാഹികളെയും അഭിനന്ദിക്കുന്നു..

വീട് നിർമ്മാണം സംബന്ധിച്ചുള്ള ആലോചനാ യോഗം ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ചേർന്നു. ഞാൻ ചെയർമാനും കരമനഹരി കൺവീനറും പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് വൈസ് ചെയർമാനും അസോസിയേഷൻ ട്രഷറർ റിയാസ് ട്രഷററും ആയി നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.

ജനപ്രതിനിധികളായ പി അഞ്ചു, അനിത ടീച്ചർ, യു എം കബീർ, സ്പോർട്സ് കൗൺസിൽ അംഗം എ എം കെ നിസാർ, ഭാരവാഹികളായ സക്കീർ ഹുസൈൻ, എം എ തോമസ്, ജിതിൻ രാജ്, ജയകുമാർ, സ്കൂൾ H M നദീറ എന്നിവരും സൈക്കിൾ പോളോയുടെ വിവിധ ജില്ലാ ഭാരവാഹികളും നിദയുടെ പിതാവും ബന്ധുക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു..

ഏറ്റവും വേഗത്തിൽ നമുക്ക് നിദമോളുടെ കുടുംബത്തിന് വീടൊരുക്കാം. എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു..

Similar Posts