Kerala
നിദ ഫാത്തിമയുടെ മരണം: പരസ്പരം പഴിചാരി സൈക്കിൾ പോളോ അസോസിയേഷനുകൾ
Kerala

നിദ ഫാത്തിമയുടെ മരണം: പരസ്പരം പഴിചാരി സൈക്കിൾ പോളോ അസോസിയേഷനുകൾ

Web Desk
|
23 Dec 2022 8:08 AM GMT

താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം

ആലപ്പുഴ: കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണത്തിൽ പരസ്പരം പഴി ചാരി അസോസിയേഷനുകൾ. നാഗ്പൂരിലെത്തിയ താരങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കിയില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ ആരോപിച്ചു. എന്നാൽ താരങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും 600 രൂപ ബത്ത നൽകിയെന്നുമാണ് നാഷണൽ പോളോ അസോസിയേഷന്റെ വിശദീകരണം. പോസ്റ്റുമോർട്ടത്തിന് ശേഷം നിദയുടെ മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനാണ് നീക്കം.

കോടതി ഉത്തരവുമായി ദേശീയ മത്സരത്തിനെത്തിയെങ്കിലും കടുത്ത വിവേചനം നേരിട്ടെന്നാണ് കേരള സൈക്കിൾ പോളോ അസോസിയേഷന്റെ പരാതി. സൗകര്യങ്ങൾ ഒരുക്കി നൽകിയത് ഫെഡറേഷന്റെ അംഗീകാരം നേടിയ കേരളത്തിൽ നിന്നുള്ള മറ്റൊരു അസോസിയേഷന് പണം നൽകിയിട്ടും പരിഗണിച്ചില്ലെന്ന് കേരള സൈക്കിൾ പോളോ അസോസിയേഷൻ അംഗം ഇ.കെ റിയാസ് മീഡിയവണിനോട് പറഞ്ഞു.

കേരള സൈക്കിൾ പോളോ അസോസിയേഷന് സൗകര്യം ഒരുക്കേണ്ടത് തങ്ങളുടെ ബാധ്യത അല്ലെന്നാണ് നാഷണൽ ഫെഡറേഷന്റെ നിലപാട്. മത്സരത്തിന്റെ രണ്ടുദിവസം മുമ്പ് തന്നെ നിദ ഫാത്തിമ നാഗ്പൂരിൽ എത്തിയിരുന്നു. അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് സ്‌പോട്‌സ് കൗൺസിലാണെന്ന് നാഷണൽ പോളോ അസോസിയേഷൻ ട്രഷറർ പി.എം അബൂബക്കർ പറഞ്ഞു. ചാമ്പ്യൻഷിപ്പിന്റ തലേദിവസമാണ് ടീമുകളോട് എത്താൻ പറഞ്ഞത്. അവർ നേരത്തെ എത്തുകയായിരുന്നു. ഫെഡറേഷൻ സൗകര്യം ചെയ്തുകൊടുക്കാത്ത് കൊണ്ടല്ല ഈ സംഭവം നടന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

എന്നാൽ ഫെഡറേഷനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് കേരള സൈക്കിൾ പോളോ അസോസിയേഷൻ. അതേസമയം, നിദ ഫാത്തിമയുടെ മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അസോസിയേഷൻ ഭാരവാഹികളും.

Similar Posts