Kerala
നിധിനയുടെ മരണത്തോടെ അനാഥമായി കുടുംബം; നഷ്ടമായത് അമ്മയുടെ ഏക ആശ്രയം
Kerala

നിധിനയുടെ മരണത്തോടെ അനാഥമായി കുടുംബം; നഷ്ടമായത് അമ്മയുടെ ഏക ആശ്രയം

Web Desk
|
1 Oct 2021 1:01 PM GMT

ഏഴ് വർഷം മുമ്പാണ് ഇവർ തലയോലപ്പറമ്പ് പത്താംവാർഡിൽ താമസം തുടങ്ങുന്നത്

നിധിനയുടെ മരണത്തോടെ അനാഥമായി തലയോലപ്പറമ്പിലെ കുടുംബം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന. ഏഴ് വർഷം മുമ്പാണ് ഇവർ തലയോലപ്പറമ്പ് പത്താംവാർഡിൽ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീട് ഇല്ലാതിരുന്ന ഇവർക്ക് സന്നദ്ധ സംഘടനയാണ് വീട് വച്ചു നൽകിയത്. രണ്ടു വർഷം മുമ്പ് പ്രളയത്തിൽ വീട് ഏറെക്കുറെ നശിച്ചിരുന്നു. ജീവിതം പതുക്കെ മെച്ചപ്പെടുന്നതിനിടെയാണ് ഏകമകളെ നഷ്ടപ്പെടുന്നത്. പിതാവ് ഉണ്ടെങ്കിലും വീട്ടിലേക്ക് എത്തിയിരുന്നില്ല.

അമ്മയ്ക്ക് കാര്യമായ ജോലിയില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളയാളാണ് അമ്മ. ഒഴിവു ദിവസങ്ങളിൽ ചെറിയ ജോലികൾക്ക് പോയി അമ്മയുടെ ചികിത്സാ ചെലവിനുള്ള തുക നിധിന കണ്ടെത്തിയിരുന്നു.ഇന്നു രാവിലെ ഒരുമിച്ചായിരുന്നു നിധിനയും അമ്മയും വീട്ടിൽ നിന്നിറങ്ങിയത്. മകളെ കോളേജിലേക്ക് ബസ് കയറ്റിവിട്ടശേഷം അമ്മ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്ക് പോകുകയായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.

എന്തുകാര്യവും അയൽക്കാരുമായി പങ്കുവയ്ക്കുന്ന അമ്മ മകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പറഞ്ഞിട്ടില്ലെന്നും അയൽക്കാർ പറയുന്നു. പൊലീസ് അറിയിച്ചതനുസരിച്ച് പാലായിൽ എത്തിയ അമ്മ മകളുടെ മരണവാർത്ത അറിഞ്ഞ് കുഴഞ്ഞുവീണു.

കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനിയായ നിധിന അരുംകൊല ചെയ്യപ്പെട്ട സംഭവം പുറത്തുവന്നത്. വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ നിധിനയെ ഒരേ ക്ലാസിൽ പഠിക്കുന്ന അഭിഷേക് ബൈജുവെന്ന വിദ്യാർഥിയാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അഭിഷേകിന് പെൺകുട്ടിയേക്കാൾ വയസ്സ് കുറവായിരുന്നു. ഈ കാരണത്തിന്റെ പേരിൽ ഇരുവരുടേയും കല്യാണം നടക്കില്ലെന്ന പേടി അഭിഷേകിനുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഈ പകയാണ് കൊല ചെയ്യാൻ അഭിഷേകിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം ഇങ്ങനെ...

പരീക്ഷ കഴിഞ്ഞ കോളേജ് വളപ്പിൽ കാത്തുനിന്ന അഭിഷേക് മൂർച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച് നിധിനയുടെ കഴുത്തിലെ ഞരമ്പറുത്താണ് കൊലപാതകം നടത്തിയത്. ഇരുവരും ഗ്രൗണ്ടിലൂടെ സംസാരിച്ചുകൊണ്ട് നടക്കുന്നത് കണ്ടവരുണ്ട്. തുടർന്ന് വാക്കേറ്റം നടന്നതായും ഉടനെ പ്രകോപിതനായി അഭിഷേക് കത്തി ഉപയോഗിച്ച് നിധിനയെ ആക്രമിക്കുകയായിരുന്നു. മറ്റ് വിദ്യാർഥികൾ നോക്കിനിൽക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പ്രിൻസിപ്പൽ ജയിംസ് ജോർജും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പ്രതിയായ വിദ്യാർഥിയെക്കുറിച്ച് മറ്റ് പരാതികൾ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കാരണം

അഭിഷേകും നിധിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മിൽ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതർക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാൻ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ഗ്രൗണ്ടിലൂടെ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നം സംസാരിച്ച് പരിഹരിക്കാൻ കഴിയാതെ വന്നതോടെ അഭിഷേക് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യിൽ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്ത് അറുത്തത്.

കോളേജിലെ ബി- വോക് ഫുഡ് ടെക്‌നോളജി മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. കോഴ്‌സ് പൂർത്തിയാക്കിയ ഇരുവരും പരീക്ഷക്കായാണ് കോളേജിൽ എത്തിയത്. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെയാണ് കോളജിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. ക്യാമ്പസിനുള്ളിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും യുവാവ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതത് കണ്ടതായി കോളേജ് സെക്യൂരിറ്റി പറയുന്നുണ്ട്. പ്രശ്‌നമുണ്ടാകുന്നത് കണ്ട് ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചതെന്നും സെക്യൂരിറ്റി പറയുന്നു. പിന്നീട് പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് എല്ലാവരും ഓടിക്കൂടിയതോടെ അഭിഷേക് രക്ഷപെടാൻ ശ്രമിച്ചെന്നും എല്ലാവരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നുവെന്നും സെക്യൂരിറ്റി മൊഴി നൽകുന്നു.

Related Tags :
Similar Posts