Kerala
Nihas bite who has lost his daughter in boat mishap
Kerala

'രണ്ട് കുട്ടികളെ ഞാൻ രക്ഷിച്ചു, ന്റെ കുട്ടിനെ മാത്രം കിട്ടിയില്ല, ഒറ്റ മോളായിരുന്നു'; വിങ്ങിപ്പൊട്ടി നിഹാസ്

Web Desk
|
8 May 2023 1:50 AM GMT

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്.

താനൂർ: ബോട്ടപകടത്തിൽ ഏക മകളെ നഷ്ടമായതിന്റെ ഞെട്ടലിലാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്. ബോട്ട് ചെരിഞ്ഞപ്പോൾ ഭാര്യയും മകളും തെറിച്ചു വീഴുകയായിരുന്നുവെന്ന് നിഹാസ് മീഡിയവണിനോട് പറഞ്ഞു. തിരച്ചിലിൽ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. പിന്നീട് മകളുടെ ചേതനയറ്റ ശരീരമാണ് കണ്ടതെന്നും നഹാസ് പറഞ്ഞു.

''ഞങ്ങൾ വന്നതു തന്നെ 6.40-നായിരുന്നു. വൈഫ് ഒരുപാട് വട്ടം പറഞ്ഞതായിരുന്നു പോവണ്ടാന്ന്. മകൾക്ക് കടൽപ്പാലം കാണിച്ചുകൊടുക്കാനാണ് വന്നത്. ആറരക്ക് പാലം അടച്ചതിനാലാണ് ബോട്ടിൽ കയറിയത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മകൾ അടക്കമുള്ളവർ മുകളിൽ കയറിയപ്പോൾ തന്നെ ലൈഫ് ജാക്കറ്റ് ധരിക്കാൻ ബോട്ട് ഉടമസ്ഥർ പറഞ്ഞിരുന്നു. ബോട്ട് മറിഞ്ഞപ്പോൾ മകൾ എന്റെ കയ്യിൽതന്നെയുണ്ടായിരുന്നു. പിന്നെ അവൾ പോയി. തിരഞ്ഞുനോക്കിയപ്പോൾ ഒരു കുട്ടിയെ കിട്ടി. അവളെ മുകളിലുള്ളവർക്ക് കൊടുത്തു. രണ്ട് മൂന്ന് കുട്ടികളെ ഞാൻ രക്ഷപ്പെടുത്തി. എന്റെ മോളെ മാത്രം രക്ഷിക്കാനായില്ല. ഒറ്റ മോളായിരുന്നു. ഈ ആഗസ്റ്റിൽ ഏഴ് വയസ് തികയുമായിരുന്നു''-നഹാസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. 22 പേർ മരിച്ചതായാണ് അവസാനം പുറത്തുവരുന്ന വിവരം. പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ബോട്ട് ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് താനൂർ സന്ദർശിക്കും.

Similar Posts