സർട്ടിഫിക്കറ്റിനായി നിഖിൽ മുൻ എസ്എഫ്ഐ നേതാവിന് നൽകിയത് രണ്ടുലക്ഷം; അന്വേഷണം പുരോഗമിക്കുന്നു
|നിഖിലിൻ്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ട് പേരെയും പോലീസ് ചോദ്യം ചെയ്തു
ആലപ്പുഴ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പതിനാല് അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിഖിലിൻ്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ട് പേരെയും പോലീസ് ചോദ്യം ചെയ്തു.
നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാജ സർട്ടിഫിക്കറ്റിനായി മുൻ എസ്.എഫ്.ഐ നേതാവിന് രണ്ട് ലക്ഷം രൂപ നൽകിയെന്നും പോലീസിന് വിവരം ലഭിച്ചു.
അതേസമയം, നിഖിലിന് അഡ്മിഷൻ ലഭിക്കാനായി ഇടപെട്ടത് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറുമായ കെഎച്ച് ബാബുജാൻ ആണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ നിഖിൽ തോമസിനായി താൻ ഇടപെട്ടിട്ടില്ലെന്ന് ബാബുജാൻ മാധ്യമങ്ങളോട് പറഞ്ഞു.
നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും അതുമായി തന്റെ പേര് ബന്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.അഡ്മിഷൻ സമയത്ത് നിരവധിപേർ തന്നെ സമീപിക്കാറുണ്ട്. ആർക്കൊക്കെ വേണ്ടി ശിപാർശ ചെയ്തുവെന്ന് ഓർത്തിരിക്കാനാവില്ലെന്നും ബാബുജാൻ പറഞ്ഞിരുന്നു.