'നിഖിൽ തോമസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല, അങ്ങനെയുള്ള പാർട്ടിയല്ല സി.പി.എം'; കായംകുളം ഏരിയ സെക്രട്ടറി
|'നിഖിലിനെതിരെ എസ്.എഫ്.ഐ യിൽ നേരത്തെ അഭിപ്രായമുയർന്നിരുന്നു.അപ്പോൾ തന്നെ നടപടിയെടുത്തിരുന്നു'
ആലപ്പുഴ: ആലപ്പുഴയിലെ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവം പാർട്ടിക്ക് സംസ്ഥാന തലത്തിൽ അവമതിപ്പുണ്ടാക്കിയതായി കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ. അന്വേഷണം നിഖിൽ തോമസിൽ ഒതുങ്ങില്ല. പാർട്ടി നേതാക്കൾക്കെതിരെയുംഅന്വേഷണമുണ്ടാകുമെന്നും പി.അരവിന്ദാക്ഷൻ പറഞ്ഞു. നിഖിൽ തെറ്റ് ചെയ്തതായാണ് കരുതുന്നത്. വിഭാഗീയതയുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഖിലിനെതിരെ എസ്.എഫ്.ഐ യിൽ നേരത്തെ അഭിപ്രായമുയർന്നിരുന്നു. അപ്പോൾ തന്നെ നടപടിയെടുത്തിരുന്നെന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയെന്നും അദ്ദേഹം പറഞ്ഞു.
'നിഖിൽ തോമസ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും പാർട്ടി ഏരിയ കമ്മിറ്റി സംരക്ഷിക്കുന്നില്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം. നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നത് ഈ ദിവസങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് മനസിലാകുന്നത്. അല്ലാതെ അതുമായി ബന്ധപ്പെട്ട് യാതൊരു ബോധ്യങ്ങളില്ല. സർവകലാശാലയും പത്രങ്ങളും പറയുന്നതിൻറെ അടിസ്ഥാനത്തിലുള്ള അറിവുകൾ മാത്രമാണുള്ളത്.. വാർത്തകള്‍ കേൾക്കുമ്പോ സ്വാഭാവികമായിട്ട് അയാൾ ശരിയല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് മനസിലാക്കുന്നത്. അക്കാര്യം ആധികാരികമായി പരിശോധിച്ച് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശമായ നിലപാട് പാർട്ടി എടുക്കും'. പി.അരവിന്ദാക്ഷൻ പറഞ്ഞു.