'ട്രെയിൻ സമയം മാറ്റി,കോട്ടയം എക്‌സ്പ്രസിന് പ്രധാനസ്റ്റേഷനുകളിൽ സ്റ്റോപ്പില്ല'; നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ ദുരിത യാത്ര
|രാവിലെ 7 മണിക്ക് നിലമ്പൂരിൽ നിന്നും ട്രെയിൻ പുറപ്പെട്ടാൽ അടുത്ത ട്രെയിനിനായി മൂന്ന് മണിക്കൂറിലധികം കാത്തിരിക്കണം
മലപ്പുറം: നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കോട്ടയം എക്പ്രസിന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പോലും സ്റ്റോപ്പില്ല. കോവിഡിന് ശേഷം ട്രെയിൻ സമയം മാറ്റിയതും യാത്രക്കാർക്ക് തിരിച്ചടിയാണ്.
നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിൽ ഏഴ് ട്രെയിനുകളാണ് ഉള്ളത്. ആകെ 14 സർവീസുകൾ. രാവിലെ 7 മണിക്ക് നിലമ്പൂരിൽ നിന്നും ട്രെയിൻ പുറപ്പെട്ടാൽ അടുത്ത ട്രെയിനിനായി മൂന്ന് മണിക്കൂറിലധികം കാത്തിരിക്കണം. ഉച്ചക്ക് രണ്ട് മണിക്ക് ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ കഴിഞ്ഞാൽ വൈകിട്ട് 5.55 നാണ് അടുത്ത ട്രെയിന്‍.
കോവിഡിന് മുൻമ്പ് നിലമ്പൂർ കോട്ടയം എക്സ്പ്രസ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിരുന്നു. ഇപ്പോള്‍ മേലാറ്റൂർ , പട്ടിക്കാട് ഉൾപ്പടെയുള്ള പ്രധാന സ്റ്റോപ്പുകളിൽ പോലും ഈ ട്രെയിൻ നിർത്തില്ല.
നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന രാജറാണി എക്സ്പ്രസിന് രണ്ട് ജനറൽ കോച്ചുകളാണ് ഉള്ളത്. സാധരണ ട്രെയിനിൽ 18 മുതൽ 26 വരെ സ്ലീപ്പർ കോച്ചുകൾ ഉണ്ടാകാറുണ്ട്. രാജറാണിയിൽ വെറും എട്ട് കോച്ചുകളാണ് ഉള്ളത്. അതിനാൽ തന്നെ തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് പോകേണ്ട രോഗികൾക്ക് ഉൾപ്പടെ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ട്.