'ഷൈബിനും കൂട്ടാളികളും കൂടുതൽ കൊലയും തട്ടിക്കൊണ്ടുപോകലും ആസൂത്രണം ചെയ്തു; പദ്ധതിരേഖ തയാറാക്കി'
|അബൂദബിയിൽ ഹാരിസ് എന്നയാളെയും ഒരു സ്ത്രീയെയും കൊല്ലാനായി തയാറാക്കിയ പദ്ധതി രൂപരേഖയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്
നിലമ്പൂർ: മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ പുറത്ത്. അതിനിടെ, വൈദ്യനെ വധിച്ച കേസിലെ രണ്ടു പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. കേസിൽ അഞ്ചുപേർക്കായി അന്വേഷണം വ്യാപിപ്പിച്ചു.
കൂടുതൽ കൊലയ്ക്ക് പദ്ധതിയിട്ടു?
നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അബൂദബിയിൽ ഹാരിസ് എന്നയാളെയും ഒരു സ്ത്രീയെയും കൊല്ലാനായി തയാറാക്കിയ പദ്ധതി രൂപരേഖയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്രതികളായ ഷൈബിൻ അഷ്‌റഫും കൂട്ടാളികളും സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങൾക്കും തട്ടിക്കൊണ്ടുപോകലിനും പദ്ധതിയിട്ടതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങളിൽ വ്യക്തമാണ്.
മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന പാരമ്പര്യവൈദ്യനെ നിലമ്പൂരിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഷൈബിൻ അഷ്‌റഫിന്റെ ലാപ്‌ടോപ്പിൽനിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആത്മഹത്യയെന്നു തോന്നുന്ന രീതിയിൽ രണ്ടുപേരെ കൊലപ്പെടുത്തുന്നതിന്റെ വിശദമായ പദ്ധതിരേഖയാണ് വിഡിയോയിലുള്ളത്. ഹാരിസ് എന്നു പേരുള്ള ഒരാളെയും ഒരു സ്ത്രീയെയും കൊല്ലുന്നതിക്കുറിച്ചുള്ള മീഡിയവണിന് ലഭിച്ച രൂപരേഖയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഷൈബിന്റെ കൂട്ടാളിയായ നൗഷാദാണ്.
തട്ടികൊണ്ടുപോകലും ഭവനഭേദനവും ഉൾപ്പെടെ ഒട്ടേറെ ആസൂത്രിത കുറ്റകൃത്യങ്ങൾ ഷൈബിനും സംഘവും നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും. ഓരോ കുറ്റകൃത്യവും നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായ പദ്ധതികളാണ് സംഘം തയാറാക്കിയിരുന്നത്
'അതിർത്തി കടന്ന് പ്രതികൾ'
അതിനിടെ, കേസിലെ രണ്ടു പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടെ പിടിയിലാകാനുള്ള അഞ്ചുപേർക്കായി അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
അഞ്ചു ദിവത്തെ കസ്റ്റഡിയിൽ ലഭിച്ച കൈപ്പഞ്ചേരി നൗഷാദിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്തു. കൊലപാതകം നടന്ന ഷൈബിന്റെ വീട്ടിലും മൃതദേഹം പുഴയിലേക്കെറിഞ്ഞ എടവണ്ണ പാലത്തിലും ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കൊലക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫാണെങ്കിലും കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത് നാഷാദിൽനിന്നാണ്. അതാണ് നൗഷാദിനെ മാത്രം ആദ്യം കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളിൽനിന്ന് ലഭിച്ച കൂടുതൽ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റ് പ്രതികളെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
തമിഴ്‌നാട്ടിലേക്ക് കടന്ന രണ്ടുപേരുൾപ്പെടെ പിടിയിലാകാനുള്ള അഞ്ചുപേരെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൈസൂരുവിൽനിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോരാൻ സഹായിച്ച ഇവരും മലയാളികളാണ്. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന് പുറമെ അറസ്റ്റിലായ നിഷാദ്, ഷിഹാബുദ്ദീൻ എന്നിവരും മഞ്ചേരി സബ് ജയിലിലാണുള്ളത്.
Summary: Shaibin Ashraf and his accomplices planned more killings and kidnapping, More revelations are out in Nilambur traditional healer's murder case