Kerala
നിമിഷ പ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ
Kerala

നിമിഷ പ്രിയയുടെ മോചനം; തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ

Web Desk
|
22 April 2022 3:17 AM GMT

യമനിലെ ഉദ്യോഗസ്ഥർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടു

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യൺ റിയാൽ. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ദയാധനവുമായി ബന്ധപ്പെട്ട് യമനിലെ ഉദ്യോഗസ്ഥർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടത്.

2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.യമൻ സ്വദേശിനിയായ സഹപ്രവർത്തകയുടെയും മറ്റൊരു യുവാവിൻറെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.

കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കും. എന്നാൽ ഇതിനായി നടത്തിയ ശ്രമങ്ങൾ ആദ്യം വിജയിച്ചിരുന്നില്ല. കേന്ദ്രസർക്കാർ നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്നും അറിയിച്ചിരുന്നു.

Similar Posts