നിമിഷ തമ്പി വധക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
|മൂന്നുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്
എറണാകുളം തടിയിട്ടപറമ്പ് നിമിഷ തമ്പി വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പ്രതി ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജു മൊല്ലക്കാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. മൂന്നുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
2018 ജൂലൈ 30ന് തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ വല്യമ്മയുടെ മാല മോഷ്ടിക്കുന്നത് കണ്ട് ഓടിയെത്തിയ ബിരുദ വിദ്യാർത്ഥിയായിരുന്ന നിമിഷ തമ്പിയെ പ്രതി ബിജു മൊല്ല കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, കൊലപാതകശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരട്ട ജീവപര്യന്തം.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂട്ടർ ജി.പി. ഷാജി പ്രതികരിച്ചു. പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ശിക്ഷാവിധിയിൽ അപ്പീൽ നൽകണമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും നിമിഷയുടെ കുടുംബം അറിയിച്ചു.
തുടക്കത്തിൽ തടിയിട്ടപറമ്പ് പൊലീസ് അന്വേഷിച്ച കേസ് ജില്ല റൂറൽ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 86 ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. 40ഓളം സാക്ഷികളെയാണ് വിചാരണവേളയിൽ വിസ്തരിച്ചത്.