Kerala
നിപ കണ്ടെയ്ൻമെന്‍റ് സോൺ; പരീക്ഷകള്‍ മാറ്റിവെച്ചു
Kerala

നിപ കണ്ടെയ്ൻമെന്‍റ് സോൺ; പരീക്ഷകള്‍ മാറ്റിവെച്ചു

Web Desk
|
13 Sep 2023 3:14 PM GMT

കണ്ടെയ്ൻമെന്‍റ് സോണിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു

കോഴിക്കോട്: കണ്ടെയ്ൻമെന്‍റ് സോണിലെ കോളജുകളിലെ പരീക്ഷ മാറ്റി കാലിക്കറ്റ് യൂനിവേഴ്സിറ്റി. കണ്ടെയ്ൻമെന്‍റ് സോണിലെ വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ നിപ ബാധിതരുടെ സമ്പർക്കപ്പട്ടിക 789 ആയി ഉയർന്നെന്ന് ജില്ലാ കലക്ടർ എ.ഗീത. സ്വകാര്യ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെന്നും 11 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ആകെ 20 പേരാണ് ചികിത്സയിലുള്ളത്. വീട്ടിൽ ഐസൊലേഷനിലുള്ള മൂന്ന് പേർക്ക് പനിയുണ്ട്. 4 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 313 വീടുകളിൽ സർവ്വെ നടത്തിയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വാളയാർ അതിർത്തിയിൽ പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വരുന്നവരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് അതിർത്തി കടത്തി വിടുന്നത്.

നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്ത് വിട്ടിരുന്നു. 789 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 ആളുകളും ഇദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ സമ്പർക്ക പട്ടികയിൽ 77 ആളുകളും മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 ആളുകളുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 60 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

മരുതോങ്കര ജാനകിക്കാടിന് സമീപം റോഡരികിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം പഴക്കമുള്ളതാണ് ജഡം എന്നാണ് പ്രാഥമിക നിഗമനം.

Similar Posts