വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരൻ മരിച്ചു
|കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ സംസ്‌കാരം പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്നാണ് വിവരം. ഇത് കുടുംബവുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വെന്റിലേറ്ററിൽ തുടരവേ രാവിലെ കുട്ടിക്ക് ഹൃദയാഘാതമുണ്ടാവുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ഈ മാസം 10നാണ് കുട്ടിക്ക് പനി ബാധിച്ചത്. സ്‌കൂൾ വിട്ട് വന്നതിന് പിന്നാലെ പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. മലപ്പുറത്ത് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിൽ അഡ്മിറ്റാക്കി. ഇവിടെ നിന്നയച്ച സ്രവ സാമ്പിളാണ് നിപ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുന്നത്.
തുടർന്ന് ഇന്നലെ രാത്രി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ പിതാവും സഹോദരനും നിപ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പേരും മഞ്ചേരി മെഡിക്കൽ കോളജിൽ നാല് പേരുമാണ് ചികിത്സയിൽ. 63 പേരാണ് ഹൈറിസ്‌ക് ലിസ്റ്റിലുള്ളത്.
മോണോ ക്ലോണൽ ആന്റിബോഡി ഇന്ന് ഉച്ചയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ ആ ചികിത്സ നൽകാനാവും മുമ്പ് തന്നെ 11.30ഓടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. രോഗം അതീവഗുരുതമായതിന് ശേഷമാണ് നിപയാണെന്ന് സ്ഥിരീകരിക്കുന്നതും ഇതിന് വേണ്ടിയുള്ള ചികിത്സ തുടങ്ങുന്നതും. മരണത്തിന് കാരണവും ഇതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ഇന്ന് രാവിലെയും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിപ അതീവ ഗുരുതരമാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളായിരുന്നു കുട്ടി ആദ്യം മുതലേ പ്രകടിപ്പിച്ചിരുന്നത്. ഇങ്ങനെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് എന്ന് തെളിഞ്ഞിട്ടും പൂനെയിലേക്ക് സാമ്പിൾ അയച്ചും സ്ഥിരീകരണം നടത്തി. തുടർന്ന് ദ്രുതഗതിയിലായിരുന്നു പ്രതിരോധപ്രവർത്തനങ്ങൾ.
കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും സമ്പർക്കത്തിലേർപ്പെട്ടവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ പാണ്ടിക്കാട്, ആനക്കയത്തും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധിയാണ്.