നിപ: മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് കോഴിക്കോട്ടെത്തും; രണ്ടു ആരോഗ്യപ്രവർത്തകരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു
|നിപ വൈറസ് ബാധിച്ചവർക്ക് ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്ന് മന്ത്രി വീണാ ജോർജ്
കോഴിക്കോട്: കോഴിക്കോട്ട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിൽ മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈൽ പരിശോധനാ സംഘമാണ് ഇതിലൊന്ന്. നാലു മണിക്കൂർ കൊണ്ട് നൂറുപേരുടെ സാമ്പിൾ പരിശോധിക്കാൻ കഴിയുന്നതാണ് മൊബൈൽ യൂണിറ്റ്. വവ്വാലിന്റെ സർവെ നടത്താനും പരിശോധന നടത്താനും കഴിയുന്നതാണ് ഐ സി എം ആറിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ സംഘം. പകർച്ചവ്യാധി പ്രതിരോധ വിദഗ്ധരടങ്ങുന്നതാണ് സംസ്ഥാനത്തെത്തുന്ന മൂന്നാമത്തെ സംഘം. അതിനിടെ കോഴിക്കോട്ടെ രണ്ട് ആരോഗ്യപ്രവർത്തകരുടെ സാമ്പിൾ കൂടി പൂനെയിലേക്ക് പരിശോധനക്ക് അയച്ചു.
അതേസമയം, നിപ വൈറസ് ബാധിച്ചവർക്ക് ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനമാർഗമാണ് മരുന്ന് എത്തിക്കുക. വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കണ്ടെത്തിയ വൈറസിന് വ്യാപനം കുറവാണെന്നും എന്നാൽ 70 ശതമാനമാണ് മരണ നിരക്കെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രോഗംബാധിച്ച വരുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.