നിപ ചികിത്സാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു: സമ്പർക്ക പട്ടികയിലെ 11 പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റി
|വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് പഴങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു
സംസ്ഥാനത്ത് നിപ ചികിത്സാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം. മരിച്ച 12 വയസുകാരന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 11 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും കേന്ദ്ര സംഘം ഇന്നും സന്ദർശിക്കും.
കോഴിക്കോട് ചാത്തമംഗലം മുന്നൂരില്‍ റിപ്പോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനമായും ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പരിശോധനയുടെ ഭാഗമായി കേന്ദ്രസംഘം മരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് പഴങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നത്തെ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്പര്‍ക്കത്തിലുള്ളവരുടെ സാമ്പിള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈകിട്ടോടെ എന്‍ഐവി ലാബുകള്‍ സജ്ജീകരിക്കും. ട്രൂനെറ്റ് ടെസ്റ്റിനുള്ള സൌകര്യമാണ് ഒരുക്കുന്നത്. അതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം മെഡിക്കല്‍ കോളജില്‍ എത്തും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി മൂന്ന് ദിവസം ആരോഗ്യമന്ത്രി ജില്ലയില്‍ തുടരും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ചാത്തമംഗലം പഞ്ചായത്ത് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.