Kerala
nipa virus
Kerala

നിപ മുൻകരുതൽ; വിദഗ്ധ സംഘം കോഴിക്കോട് പരിശോധന നടത്തി

Web Desk
|
6 July 2023 1:49 PM GMT

ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത് 2021 സെപ്റ്റംബർ 5ന് പുലർച്ചെ നിപ്പ ബാധിച്ച് 13കാരൻ മരിച്ചിരുന്നു.

കോഴിക്കോട്: നിപ്പ മുൻകരുതൽ നടപടികളുടെ ഭാഗമായി വിദഗ്ധ സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ.ഉല്ലാസ്, ഡോ.കണ്ണൻ, വനംവകുപ്പിലെ ഡോ.അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊടിയത്തൂർ, മാനി പുരം, മണാശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് സംഘം എത്തിയത്.

ഈ പ്രദേശങ്ങളിൽ വവ്വാലുകളുടെ എണ്ണം എത്രത്തോളം വർധിച്ചു ആവാസ വ്യവസ്ഥയിൽ വന്ന മാറ്റം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ഇത് സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകുമെന്നും കാലാവസ്ഥ അനുകൂലമായാൽ മറ്റൊരു സംഘമെത്തി വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോ.അരുൺ സത്യൻ പറഞ്ഞു.

ജില്ലയിൽ നേരത്തെ നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാ വർഷവും ഇത്തരത്തിൽ പരിശോധന നടത്താറുണ്ടന്നും വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ആവാസ വ്യവസ്ഥയിലുൾപ്പെടെ കാര്യമായ മാറ്റം കണ്ടത്താൻ സാധിച്ചിട്ടില്ലന്നും അദ്ധേഹം പറഞ്ഞു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത് 2021 സെപ്റ്റംബർ 5ന് പുലർച്ചെ നിപ്പ ബാധിച്ച് 13കാരൻ മരിച്ചിരുന്നു.

Similar Posts