Kerala
നാലാം വർഷത്തിലും ആദ്യ വർഷ പേപ്പറുകൾ ക്ലിയർ ചെയ്തില്ല, തുടരാനാകുമായിരുന്നില്ല; അഖിന്റെ മരണത്തിൽ വിശദീകരണവുമായി എൻ.ഐ.ടി ഡയറക്ടർ
Kerala

'നാലാം വർഷത്തിലും ആദ്യ വർഷ പേപ്പറുകൾ ക്ലിയർ ചെയ്തില്ല, തുടരാനാകുമായിരുന്നില്ല'; അഖിന്റെ മരണത്തിൽ വിശദീകരണവുമായി എൻ.ഐ.ടി ഡയറക്ടർ

Web Desk
|
22 Sep 2022 3:50 PM GMT

അഖിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നുവെന്നും പുതിയ കോഴ്‌സിന് ചേരുമെന്നാണ് സംസാരിച്ചപ്പോൾ അറിയിച്ചതെന്നും പ്രസാദ് കൃഷ്ണ

പഞ്ചാബിലെ ലവ് ലി പ്രഫഷണൽ സർവകലാശാലയിൽ മരിച്ച മലയാളി വിദ്യാർഥി അഖിൻ എസ് ദിലീപുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ. ബി ടെക് നാലു വർഷം പൂർത്തിയാവുമ്പോഴും ആദ്യ വർഷ പേപ്പറുകൾ അഖിൻ ക്ലിയർ ചെയ്തീരുന്നില്ലെന്നും എൻ.ഐ.ടി റെഗുലേഷൻ പ്രകാരം അഖിന് തുടരാനാവില്ലായിരുന്നുമെന്നുമാണ് ഡയറക്ടർ മീഡിയവണിനോട് പറഞ്ഞത്. ആദ്യമായാണ് ഇദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചത്. അഖിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നുവെന്നും പുതിയ കോഴ്‌സിന് ചേരുമെന്നാണ് സംസാരിച്ചപ്പോൾ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മരണത്തിൽ പ്രസാദ് കൃഷ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് എൻ.ഐ.ടി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

ചേർത്തല സ്വദേശിയായ അഖിന്റെ മരണം മറയ്ച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചു എന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അഖിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ പരാമർശമുണ്ട്. നേരത്തെ എൻ.ഐ.ടിയിലായിരുന്നു അഖിൻ പഠിച്ചിരുന്നത്. പിന്നീട് ഇവിടുത്തെ പഠനം പല കാരണങ്ങളാൽ അവസാനിപ്പിക്കുകയായിരുന്നു. എൻ.ഐ.ടി ഡയറക്ടർ വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിർത്തിച്ചു എന്നായിരുന്നു ആത്മഹത്യകുറിപ്പിലുള്ളത്. അവസാനവർഷത്തെ പഠനത്തിന് ശേഷവും ആദ്യ വർഷത്തെ പേപ്പറുകൾ പൂർത്തീകരിക്കാൻ അഖിൻ എസ് ദിലീപിന് സാധിച്ചില്ലെന്നും എൻ.ഐ.ടി ചട്ട പ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരുന്നുവെന്നും എൻ.ഐ.ടി അധികൃതരും വിശദീകരിച്ചിരുന്നു.

അന്ന് പഠനം നിർത്താനുള്ള തീരുമാനം തെറ്റായിരുന്നെന്നും അതിൽ ഒരുപാട് ഖേദിക്കുന്നെന്നും കുറിപ്പിൽ പറഞ്ഞു. എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും കുറിപ്പിലുണ്ട്. എൻ.ഐ.ടിയിൽ നിന്ന് പഠനം നിർത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്നാണ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത കപൂർത്തല പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.


NIT Director Prasad Krishna replied to Akhin S. Dileep arguments

Similar Posts