നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി
|മണിപ്പൂർ സ്വദേശിയായ ജാംദാർ നിലവിൽ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്
തിരുവനന്തപുരം: ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ജാംദാറിനെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ നിലവിൽ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് നിതിൻ ജാംദാർ. 2012 ജനുവരി 23നാണ് അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയുടെ തന്നെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. കേരള, മദ്രാസ് ഹൈകോടതികൾക്ക് പുറമെ ആറ് ഹൈകോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹരജി അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.
പുതിയ ചീഫ് ജസ്റ്റിസുമാരായി നിയമിക്കപ്പെട്ടവരും ഹൈക്കോടതികളും (നിലവിൽ ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ ബ്രാക്കറ്റിൽ)
1. ജസ്റ്റിസ് മൻമോഹൻ (ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ്) - ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
2. ജസ്റ്റിസ് രാജീവ് ശക്ധേർ (ഇപ്പോൾ ഡൽഹി ഹൈക്കോടതി ജഡ്ജി) - ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
3. ജസ്റ്റിസ് സുരേഷ് കുമാർ കൈത് (ഡൽഹി ഹൈക്കോടതി ജഡ്ജി) - മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
4. ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി (കൽക്കട്ട ഹൈക്കോടതി ജഡ്ജി) - മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
5. ജസ്‌റ്റിസ് താഷി റബ്‌സ്താൻ (ജഡ്ജ് ആൻഡ് കെ ആൻഡ് എൽ എച്ച്‌സി) - ജമ്മു & കശ്മീർ & ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
6. ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു (ഇപ്പോൾ എച്ച്പി എച്ച്സി ചീഫ് ജസ്റ്റിസ്) - ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.