Kerala
nithish kumar
Kerala

നിതീഷ് കുമാ​റാകും പ്രധാനമന്ത്രി? രാഷ്ട്രീയ ചർച്ചയുമായി സോഷ്യൽ മീഡിയ

Web Desk
|
4 Jun 2024 11:07 AM GMT

‘നിതീഷ് കുമാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രശാലിയായ വൃദ്ധനായ കുറുക്കനാണ്,അദ്ദേഹത്തിന് കാറ്റിൻ്റെ ദിശ അറിയാം’

ലോക്സഭാ തെരഞ്ഞടുപ്പിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കെത്തു​മ്പോൾ പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചയ്ക്ക് തുടക്കമിട്ട് സോഷ്യൽ മീഡിയയിലെ രാഷ്ട്രിയ വിശകലന വിദഗ്ദ്ധർ.ബി.ജെ.പി ഒറ്റക്ക് 272 സീറ്റ് നേടാനാകാത്തത് ഉയർത്തിയാണ് ചർച്ച. രാജ്യം ആര് ഭരിക്കു​മെന്ന് നിർണയിക്കുക ജെ.ഡി.യു നേതാവ് നിതീഷ് കുമാറാകും.പ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്താൽ ജനതാദൾ യുണൈറ്റഡ് (ജെഡിയു) രാഹുൽ ഗാന്ധിക്ക് കൈ കൊടുക്കുമെന്നും കോൺഗ്രസിന് ഒപ്പം നിൽക്കുമെന്നാണ് നിരീക്ഷണം.

ഇന്ത്യൻ രാഷ്ട്രിയത്തിന്റെ സുപ്രധാന ചരിത്രത്തിലൊക്കെയും മറുകണ്ടം ചാടിയ പാരമ്പര്യമാണ് നിതീഷ് കുമാറിനു​ള്ളത്.ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രശാലിയായ വൃദ്ധനായ കുറുക്കനെന്നാണ് നിതീഷ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് കാറ്റിൻ്റെ ദിശ അറിയാമെന്നും അതറിഞ്ഞ് അദ്ദേഹം മറുകണ്ടം ചാടുമെന്നുമാണ് വിലയിരുത്തൽ.

ബിജെപി ഒറ്റയ്ക്ക് 272 കടന്നില്ലെങ്കിൽ എൻഡിഎ സർക്കാർ അസ്ഥിരമായിരിക്കും.നിതീഷിനെയും നായിഡുവിനെയും പോലെയുള്ളവരെ വിശ്വസിക്കാൻ കഴിയില്ല.‘നിതീഷ് ജീ, ആയെ, ആപ്‌കോ പി.എം ബനായേംഗേ' എന്നു പറഞ്ഞാൽ മതി. തിരിഞ്ഞു പോലും നോക്കാതെ നിതീഷ് കുമാർ കോൺഗ്രസ് ആസ്ഥാനത്തേക്ക് ഓടും. ഒരുപക്ഷേ അദ്ദേഹം ഇപ്പോൾ തന്നെ കോൺഗ്രസ് ആസ്ഥാനത്ത് ഇരിക്കുകയായിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ഒരു പരിഹാസം.

ഇൻഡ്യാ മുന്നണിയുടെ മികച്ച പെർഫോമൻസ് കണ്ട നിതീഷ് കുമാർ യു.പി.എ യുടെ മിസ്ഡ് കാളിൽ തന്നെ മറുകണ്ടം ചാടുമെന്നും ചില പ്രതികരണങ്ങൾ. ‘എൻഡിഎ നേടിയ സീറ്റുകളിലൊന്നും വലിയ കാര്യമില്ല, ബി.ജെ.പിക്ക് 272 ലഭിച്ചില്ലെങ്കിൽ,നിതീഷ് കുമാർ ഉൾപ്പടെയുള്ളവരെ എൻ.ഡി.എ മുന്നണിക്ക് വിശ്വസിക്കാനാകില്ലെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.

നിതീഷ് കുമാറിൻ്റെയും ചന്ദ്രബാബു നായിഡുവിൻ്റെയും കാരുണ്യത്തിലാണ് ഇപ്പോൾ ബി.​ജെ.പി.ഇൻഡ്യാ മുന്നണിയിലെ ആരെങ്കിലും പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താൽ, അവർ മാറാതിരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നാണ് ചില ചോദ്യങ്ങൾ.

അതേസമയം ഇൻഡ്യാ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ എൻ.ഡി.എയിലെ പാർട്ടികളെ ഒപ്പം കൂട്ടാൻ ശ്രമം തുടങ്ങിയതായി വാർത്തകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി എൻ.സി.പി നേതാവ് ശരത് പവാർ തെലുങ്കു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനെയും ബന്ധപ്പെട്ടതായായി റിപ്പോർട്ടുകൾ.

കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചന്ദ്രബാബുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. നിതീഷിന് ഉപപ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് ടി.ഡി.പിയും ജെ.ഡി.യുവും എൻ.ഡി.എയുടെ ഭാഗമാകുന്നത്. നിലവിൽ 295 സീറ്റിലാണ് എൻ.ഡി.എ മുന്നിട്ടുനിൽക്കുന്നത്. ഇൻഡ്യാ സഖ്യം 231 ഇടങ്ങളിലും. ടി.ഡി.പി 16 സീറ്റിലും ജെ.ഡി.യു 14 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. ഇരുപാർട്ടികയെും പാളയത്തിൽ എത്തിച്ചാൽ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ സഖ്യം. ഇത് കൂടാതെ ​വൈ.എസ്.ആർ കോൺഗ്രസിനെയും ഒപ്പം കൂട്ടാനുള്ള ശ്രമമുണ്ട്. നാല് സീറ്റാണ് അവർക്കുള്ളത്.

അതേസമയം, ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ അമിത് ഷായും സഖ്യകക്ഷികളുമായി സംസാരിച്ചിട്ടുണ്ട്.

നിലവിൽ 237 സീറ്റിലാണ് ബി.ജെ.പി മു​ന്നിട്ടുനിൽക്കുന്നത്. ​രണ്ടാമതുള്ള കോൺഗ്രസ് 99 ഇടത്ത് ലീഡ് ചെയ്യുന്നു. സമാജ്‍വാദി പാർട്ടി 36ഉം തൃണമൂൽ കോൺഗ്രസ് 30ഉം ഡി.എം.കെ 21ഉം സീറ്റിൽ ലീഡ് ചെയ്യുകയാണ്. ശിവസേന ഉദ്ധവ് താക്ക​റെ വിഭാഗം 11ഉം എൻ.സി.പി ശരത് പവാർ പക്ഷം ഏഴും സീറ്റ് നേടി ഇൻഡ്യാ സഖ്യത്തിന് കരുത്ത് പകരുന്നുണ്ട്.

ഇൻഡ്യാ സഖ്യം യോഗം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ വൈകീട്ടാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

Related Tags :
Similar Posts