പീഡന ആരോപണത്തിന് പിന്നിൽ ഗൂഢാലോചന, ഏത് അന്വേഷണവുമായും സഹകരിക്കും: നിവിൻ പോളി
|‘നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം, അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്’
കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്ന് നിവിൻ പോളി പറഞ്ഞു.
അവരുമായി സംസാരിച്ചിട്ടില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്.
നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണ്.
ഒന്നര മാസം മുമ്പ് ഇങ്ങനെ ഒരു പരാതി ലഭിച്ചകാര്യം പൊലീസ് അറിയിച്ചിരുന്നു. അന്ന് പൊലീസിനെ കാര്യങ്ങൾ അറിയിച്ചതാണ്. ഇതിനെതിരെ പരാതി കൊടുക്കട്ടെയെന്ന് അന്ന് പൊലീസിനോട് ചോദിച്ചിരുന്നു. എന്നാൽ, അത് വേണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. പ്രശസ്തിക്ക് വേണ്ടി പെൺകുട്ടി പരാതി നൽകിയതാകാം എന്നാണ് അവർ പറഞ്ഞതെന്നും നിവിൻ പോളി വ്യക്തമാക്കി.
ഏത് ശാസ്ത്രീയ അന്വേഷണവുമായും സഹകരിക്കാൻ തയാറാണ്. നാളെ ഈ വാർത്ത സത്യമല്ലെന്ന് തെളിഞ്ഞാൽ അന്നും മാധ്യമങ്ങൾ ഇതേ രീതിയിൽ കൂടെ നിൽക്കണം. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകാമെന്നാണ് വിശ്വസിക്കുന്നത്. കേസിൽ പ്രതിയാക്കപ്പെട്ട നിർമാതാവിനെ അറിയാം. സിനിമയുമായി ബന്ധപ്പെട്ട് അയാളുമായി സാമ്പത്തിക ഇടപാടുണ്ട്. ഇയാളെ ദുബായ് മാളിൽ വെച്ച് കണ്ടിട്ടുണ്ടെന്നും നിവിൻ പോളി പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻപോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ. കേസിൽ ഒന്നാം പ്രതി ശ്രേയയാണ്. നിർമാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.
പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നിവിൻ പോളി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തന്നെയും കുടുംബത്തെയും കൊന്നുകളയും എന്നായിരുന്നു ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി. കുടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതി കഴിഞ്ഞമാസം പൊലീസിനെ സമീപിച്ചിരുന്നു. ഊന്നുകൽ പൊലീസിനാണ് പരാതി നൽകിയത്.