ഞെളിയൻപറമ്പ് മാലിന്യപ്രശ്നം നാളെ ചർച്ച ചെയ്യാമെന്ന് കോഴിക്കോട് മേയർ
|പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡും ബാനറുമായാണ് കൗൺസിൽ ഹാളിലെത്തിയത്.
കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യപ്രശ്നം നാളെ ചർച്ച ചെയ്യാമെന്ന് കൗൺസിൽ യോഗത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ഇതിനായി അടിയന്തര കൗൺസിൽ യോഗം ചേരും.
സോണ്ട കമ്പനിയുമായുള്ള കരാർ കോർപ്പറേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ കൗൺസിലർമാർ പ്ലക്കാർഡും ബാനറുമായാണ് കൗൺസിൽ ഹാളിലെത്തിയത്.
ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് കൗൺസിൽ യോഗം ചേർന്നത്. യോഗം തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ, ഈ വിഷയം ഇന്ന് ചർച്ചയ്‌ക്കെടുന്നില്ലെന്നും വിശദമായി നാളെ ചർച്ച ചെയ്യാമെന്നും മേയർ അറിയിക്കുകയായിരുന്നു. ഇതിനായി അടിയന്തര കൗൺസിൽ ചേരുമെന്നും അവർ പറഞ്ഞു. വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്നും മേയർ അറിയിച്ചു.
അതേസമയം, വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കാത്ത പക്ഷം തുടർ പ്രതിഷേധത്തിലേക്ക് പോവുമെന്ന് കൗൺസിൽ യോഗത്തിൽ നിന്ന് പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ മേയർ തയാറായില്ല.