'ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്നത് ഓരോരുത്തരുടെയും തീരുമാനം'; എസ്.ഡി.പി.ഐ വോട്ട് തള്ളാതെ എൻ.കെ പ്രേമചന്ദ്രൻ
|''മതേതര കക്ഷി അധികാരത്തിൽ വരാൻ പല പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിക്കും''
കൊല്ലം: എസ്.ഡി.പി.ഐ വോട്ട് തള്ളാതെ കൊല്ലം യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ. യു.ഡി.ഫ് തീരുമാനത്തിന് ഒപ്പം ഉണ്ടോ എന്ന ചോദ്യത്തിന് ആലോചിച്ചു പറയാമെന്നായിരുന്നു എൻ.കെ പ്രേമചന്ദ്രന്റെ മറുപടി. മതേതര കക്ഷി അധികാരത്തിൽ വരാൻ പല പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിക്കും. ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്നത് ഓരോരുത്തരുടെയും തീരുമാനമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് നിലപാട് പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യാമെന്നും സംഘടനകളുടെ കാര്യത്തിൽ നിലപാട് ഉണ്ടെന്നും സതീശൻ വ്യക്തമാക്കി. എൽ.ഡി.എഫ് , എസ്.ഡി.പി.ഐ പിന്തുണ പ്രചാരണായുധമാക്കിയതിന് പിന്നാലെയാണ് യു.ഡി.എഫ് നിലപാടെടുത്തത്.
വർഗീയ പ്രസ്ഥാനങ്ങളോട് ഒരിക്കലും കോൺഗ്രസ് സന്ധി ചെയ്തിട്ടില്ലെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.1977 ൽ പിണറായിക്ക് വേണ്ടി ജനസംഘവും കെ.ജി മാരാർക്കുവേണ്ടി സി.പി.ഐഎമ്മും പ്രവർത്തിച്ചിട്ടുണ്ട്.ഇന്നുവരെ ആ ആരോപണം പിണറായി നിരാകരിച്ചിട്ടില്ല. എല്ലാകാലത്തും വർഗീയതയെ വാരിപ്പുണർന്ന പ്രസ്ഥാനമാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ- കോൺഗ്രസ് ഡീലുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ ആരോപിച്ചത്.