മതേതര നിലപാടുള്ള എന്നെ സി.പി.എം സംഘിയാക്കുന്നു; വളഞ്ഞിട്ട് ആക്രമിക്കുന്നു-എൻ.കെ പ്രേമചന്ദ്രൻ എം.പി
|''പാർലമെന്റ് ഓഫിസിൽനിന്നാണ് എന്നെ വിളിച്ചത്. എല്ലാ പാർട്ടിക്കാരും ഇരിക്കുന്ന പാർലമെന്റ് കാന്റീനിലാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. ഇതിനെയാണു പർവതീകരിച്ച് പ്രചരിപ്പിക്കുന്നത്.''
കൊല്ലം: മതേതര നിലപാടുള്ള തന്നെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുകയും സംഘിയാക്കുകയുമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. പ്രധാനമന്ത്രിയുമായി നടന്നത് ഒഴിവാക്കാൻ കഴിയാത്ത അനൗപചാരിക കൂടിക്കാഴ്ചയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പാർലമെന്റ് ഓഫിസിൽനിന്നാണ് തന്നെ വിളിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു എം.പി.
സി.പി.എം പ്രചാരണങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഒരുനിലയ്ക്കും വിലപ്പോവില്ലെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. നിരന്തരം മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്റിന് അകത്തും പുറത്തും ന്യൂനപക്ഷത്തിനും മതേതരമൂല്യങ്ങൾക്കും വേണ്ടി പൊരുതുന്ന പൊതുപ്രവർത്തകനും ജനപ്രതിനിധിയുമാണ്. ഇങ്ങനെയുള്ളയാളെ വളഞ്ഞിട്ട് ആക്രമിക്കുന്ന, സംഘിവൽക്കരിക്കുന്ന സി.പി.എമ്മിന്റെ പ്രാകൃതവും ഹീനവുമായ വ്യക്തിഹത്യയ്‌ക്കെതിരെ ന്യൂനപക്ഷ സമൂഹവും മതേതര സമൂഹവുമെല്ലാം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തികച്ചും അനൗപചാരികവും ഒഴിവാക്കാൻ കൂടാത്തതുമായ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പാർലമെന്റ് ഓഫിസിൽനിന്നാണ് തന്നെ വിളിച്ചത്. എല്ലാ പാർട്ടിക്കാരും ഇരിക്കുന്ന പാർലമെന്റ് കാന്റീനിലാണു കൂടിക്കാഴ്ച നടന്നത്. ഇതിനെയാണ് ഇങ്ങനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങൾ വിഡ്ഢികളല്ലെന്നും അദ്ദേഹം പറഞ്ഞു.
''സി.പി.എമ്മിനെതിരാണ് എന്ന ഒറ്റക്കാരണം കൊണ്ട്, മതേതര മൂല്യബോധം ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകരെയും ജനസമ്മതിയുള്ള രാഷ്ട്രീയനേതാക്കളെയും വർഗീയവൽക്കരിച്ച്, സംഘിവൽക്കരിച്ച് മാനസികവീര്യം തളർത്തുന്നതും ദുർബലപ്പെടുത്തുന്നതും ആരെ സഹായിക്കാനാണ്? ബി.ജെ.പിയെ സഹായിക്കാനാണ് അവരുടെ ശ്രമം. ബി.ജെ.പി-സി.പി.എം എന്ന രാഷ്ട്രീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. കോൺഗ്രസ് ദുർബലപ്പെട്ട് ഇല്ലാതാണമെന്നാണ് അവരുടെ ആഗ്രഹം. അങ്ങനെ വന്നാൽ 49 ശതമാനം വരുന്ന ന്യൂനപക്ഷത്തിന്റെ പിൻബലത്തിൽ ഉള്ള കാലത്തോളം അധികാരത്തിലിരിക്കാമെന്ന വ്യാമോഹമാണ് അവർക്കുള്ളത്.''
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് 18 ലക്ഷം രൂപ അനുവദിച്ചതിനെതിരെയും പ്രേമചന്ദൻ രംഗത്തെത്തി. ഇത് വെള്ളരിക്കാപ്പട്ടണമാണോയെന്ന് അദ്ദേഹം ചോദിച്ചു. ആർഭാടവും ധൂർത്തും പാഴ്‌ച്ചെലവും ധനമാനേജ്‌മെന്റിന്റെ ദുരുപയോഗവുമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരായി യു.ഡി.എഫ് എം.പിമാർ നിന്നിട്ടില്ല. എതിർത്തത് കെ-റെയിലിനെ മാത്രമാണ്. മതേതര ഇന്ത്യ ഇതുവരെ നേരിടാത്ത വലിയ വെല്ലുവിളിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം കൊടുക്കാൻ കോൺഗ്രസിനേ കഴിയൂ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര, ജനാധിപത്യ സഖ്യത്തെ ശാക്തീകരിക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.
Summary: ''CPM is trying to make me, who keeps secular stance, a Sangh Parivar affiliate'': Alleges NK Premachandran MP