ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി; എൻ.കെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിക്കും
|ചേലക്കരയിൽ രമ്യാ ഹരിദാസിനൊപ്പം കോൺഗ്രസ് പരിഗണിച്ചിരുന്ന പേരാണ് സുധീറിന്റേത്
തൃശൂർ: പാലക്കാടിന് പിന്നാലെ ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻ.കെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ ചേലക്കരയിൽ നിന്ന് ജനവിധി തേടും. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ രമ്യാ ഹരിദാസിനൊപ്പം പരിഗണിച്ചിരുന്ന പേരാണ് സുധീറിന്റേത്.
2009ൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് സുധീർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ തന്നെ രമ്യയുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സുധീർ അൻവറുമായി സഹകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.
അതേസമയം കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പി. സരിനെ ഒപ്പം നിർത്താനാണ് സിപിഎം തീരുമാനം. സരിനെ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സരിൻ വരുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇതിനിടെ സരിനുമായി അന്‍വർ നേരിട്ട് കൂടിക്കാഴ്ച നടത്തിയത് പുതിയ അനുമാനങ്ങള്‍ക്ക് വഴിവെച്ചു. തിരുവില്വാമലയിലെ സരിന്‍റെ വീട്ടിൽ എത്തിയാണ് അന്‍വർ കൂടിക്കാഴ്ച നടത്തിയത്.
നിലവിൽ എൽഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ നേട്ടമുണ്ടാക്കിയത് ബിജെപി വോട്ടുകൾകൊണ്ട് മാത്രമല്ല. സവർണ വോട്ടുകൾ ശ്രീധരനെ സഹായിച്ചിട്ടുണ്ട്. സരിന്റെ സിവിൽ സർവീസ് പ്രൊഫൈൽ തെരഞ്ഞെടുപ്പിൽ സഹായകരമാവുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ നിൽക്കുന്ന കോൺഗ്രസുകാരുടെ വോട്ടുകളും സരിനിലൂടെ എൽഡിഎഫിലെത്തിക്കാനാവുമെന്നാണ് വിലയിരുത്തൽ.