![No action against police in Tanur custodial death No action against police in Tanur custodial death](https://www.mediaoneonline.com/h-upload/2023/08/05/1382323-untitled-1.webp)
താനൂർ കസ്റ്റഡി മരണം; പൊലീസുകാർക്കെതിരെ നടപടിയില്ല, ദുരൂഹത
![](/images/authorplaceholder.jpg?type=1&v=2)
താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ 3 പൊലീസുകാർക്ക് എതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല
താനൂർ: താനൂരിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സംഘത്തിലെ 3 പൊലീസുകാർക്ക് എതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എസ്.പിയുടെ സ്പെഷ്യൽ സ്‌ക്വാഡിൽ ഉൾപെടുന്ന 4 പേരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ഡാൻസാഫ് സ്‌ക്വാഡിനെ കുറിച്ച് എഫ്‌ഐആറിൽ പരാമർശിക്കാത്തതും ദുരൂഹമാണ്.
താമിർ ജിഫ്രി മരിച്ച് 3 മണിക്കൂർ കഴിഞ്ഞാണ് ലഹരി കടത്തുമായി ബന്ധപെട്ട എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താനൂർ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാൽ , സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥൻ ലിപിൻ , സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ് , ഡ്രൈവർ പ്രശോഭ് എന്നിവരാണ് താമിറിനെയും , കൂടെയുള്ളവരെയുo അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ എസ്. ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
സസ്‌പെൻഡ് ചെയ്ത 8 ൽ 4 പേരും ഡാൻസാഫ് സ്‌ക്വാഡിലുള്ളവരാണ്. ഈ കാര്യം എഫ്‌ഐആറിലില്ല. പ്രതികളെ ചേളാരിയിൽ നിന്നും ഡാൻസാഫ് സ്ക്വഡാണ് പിടിച്ചതെന്ന വാദത്തെ ശക്തിപെടുത്തുന്നതാണ് ഈ കാര്യങ്ങൾ. ഡാൻസാഫ് സ്‌ക്വാഡിലുള്ളവർ മറ്റിടങ്ങളിൽ കൊണ്ടുപോയി പ്രതിയായ താമിറിനെ മർദ്ദിച്ചോ എന്ന സംശയവും നിലനിൽക്കുന്നു.
അമിതമായ ലഹരി ഉപയോഗിച്ചതിനാൽ പുലർച്ചെ 4.25 ന് താമിർ ജിഫ്രി കുഴഞ്ഞ് വീണുവെന്നാണ് താമിർ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുളളത്. പല കാര്യങ്ങളും മറച്ച് വെച്ചാണ് പൊലീസ് റിപ്പോർട്ടുകൾ തയ്യറാക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.