ശമ്പള പരിഷ്കരണത്തിന് നടപടികളില്ല: തോട്ടംതൊഴിലാളികൾ പ്രതിസന്ധിയിൽ; മൗനം തുടർന്ന് സംഘടനകൾ
|തോട്ടങ്ങളിൽ 350ഉം 400ഉം രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പലപ്പോഴും അതുപോലും കൃത്യമായി ലഭിക്കാറില്ല.
മാനന്തവാടി: സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ സേവന- വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും പുതുക്കാൻ നടപടികളില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശമ്പള വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത്. ശമ്പള പരിഷ്കരണത്തിന് ചേരേണ്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റി പോലും ചേരാതിരുന്നിട്ടും തൊഴിലാളി സംഘടനകളും മൗനത്തിലാണ്.
സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും അടിമ സമാന സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ് സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾ. ജീവിത ചെലവുകൾ വർധിച്ചിട്ടും തോട്ടങ്ങളിൽ 350ഉം 400ഉം രൂപ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പലപ്പോഴും അതുപോലും കൃത്യമായി ലഭിക്കാറുമില്ല.
ശമ്പള പരിഷ്കരണ കാലാവധി കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും പി.എൽ.സി ചേരാതിരുന്നിട്ടും സർക്കാരിലും തോട്ടം ഉടമകളിലും സമ്മർദം ചെലുത്തേണ്ട ട്രേഡ് യൂനിയനുകൾ മൗനത്തിലാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ചോർന്നൊലിക്കുന്ന ലയങ്ങളിലാണ് താമസമെങ്കിലും തൊഴിലാളി സംഘടനകളോ സർക്കാരോ സന്നദ്ധ സംഘടനകളോ തിരിഞ്ഞുനോക്കാറില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു.
തൊഴിലാളി സംഘടനകളും മൗനത്തിലായതോടെ ഇത്തവണയും ശമ്പളത്തിൽ മുൻകാല പ്രാബല്യമില്ലാത്ത നാമമാത്ര വർധനവ് മാത്രമാണുണ്ടാകുകയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾ. പ്രതിദിന വേദനം 600 രൂപയാക്കുക എന്ന തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും അനന്തമായി നീളാനാണ് സാധ്യത.