നിയമലംഘനം നടത്തിയ ബസിനെതിരെ നടപടിയെടുത്തില്ല; കൊല്ലം ആർ.ടി.ഒക്ക് സസ്‌പെൻഷൻ
|ഡി.മഹേഷിനെതിരെയാണ് ഗതാഗത സെക്രട്ടറി നടപടിയെടുത്തത്
തിരുവനന്തപുരം: നിയമലംഘനം നടത്തിയ കോൺട്രാക്ട് ക്യാരേജ് ബസിനെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് കൊല്ലം ആർ.ടി.ഒക്ക് സസ്‌പെൻഷൻ. ഡി.മഹേഷിനെതിരെയാണ് ഗതാഗത സെക്രട്ടറി നടപടിയെടുത്തത്.
കോൺട്രാക്ട് ക്യാരേജ് ബസുകൾ സ്റ്റേജ് കാരിയർ ആയിട്ട് പ്രവർത്തിക്കുന്നു എന്ന പരാതി നേരത്തെ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. പരാതി ശരിയാണെന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തുടർന്നാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് മുന്നിൽ ഇത്തരം ബസുകൾ സർവീസ് നടത്തുന്നതായിട്ട് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തത്.
ഇത് സംബന്ധിച്ച് ആർ.ടി.ഒ ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോൺട്രാക്ട് ക്യാരേജ് ബസിന്റെ ഉടമയ്ക്ക് അനുകൂലമായിട്ടുള്ള റിപ്പോർട്ടായിരുന്നെന്നാണ് ആര്‍.ടി.ഒ സമര്‍പ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകർ കൊല്ലം ആർ.ടി.ഒയെ സസ്‌പെൻഡ് ചെയ്തത്.