'ഹെല്‍മെറ്റില്‍ ക്യാമറ, നമ്പര്‍ പ്ലേറ്റില്ല': ചങ്ങനാശ്ശേരിയിലെ ബൈക്ക് അപകടത്തിന് കാരണം മത്സരയോട്ടം
|ഇന്നലെ രാത്രിയാണ് ചങ്ങനാശ്ശേരി പാലത്തറ ബൈപ്പാസില്‍ വെച്ച് അപകടം സംഭവിക്കുന്നത്. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു
കോട്ടയം ചങ്ങനാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിന് കാരണം മത്സരയോട്ടമെന്ന് ആർ.ടി.ഒ. രണ്ട് ഡ്യൂക്ക് ബൈക്കുകൾ തമ്മിൽ മത്സരയോട്ടം നടത്തിയെന്നും ഇതിനിടയിൽ എതിര്‍ ദിശയില്‍ നിന്നും വന്ന യൂണിക്കോണ്‍ ബൈക്കില്‍ മത്സരയോട്ടം നടത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും ആർ.ടി.ഒ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ചങ്ങനാശ്ശേരി പാലത്തറ ബൈപ്പാസില്‍ വെച്ച് അപകടം സംഭവിക്കുന്നത്. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. സേതുനാഥ്(41), ശരത്(19), മുരുകന്‍ ആചാരി എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
മത്സരയോട്ടം നടത്തിയ ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകളുണ്ടായിരുന്നില്ല. മത്സരയോട്ടം നടത്തിയ മരണപ്പെട്ട ശരതിന്‍റെ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ചിരുന്നുവെന്നും ഇത്തരത്തില്‍ ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് മത്സരയോട്ടം നടത്തുന്നത് പതിവാകുന്നുണ്ടെന്നും ആർ.ടി.ഒ ടോജോ എം തോമസ് പറഞ്ഞു. ബൈക്ക് ഹെല്‍മറ്റിന് മുകളില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ മുൻപ് പങ്ക് വെച്ചിട്ടുണ്ടെന്നും ആർ.ടി.ഒ കണ്ടെത്തി.