പണപ്പിരിവ് പാടില്ല; മന്ത്രിസഭയുടെ കേരളപര്യടനത്തിനുള്ള തുടർമാർഗനിർദ്ദേശങ്ങള് പുറത്തിറക്കി
|പണപിരിവ് പാടില്ല, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എ.സി വേണം തുടങ്ങിയവയാണ് പ്രധാനനിർദ്ദേശങ്ങൾ
തിരുവനന്തപുരം: പണപ്പിരിവ് പാടില്ല; മന്ത്രിസഭയുടെ കേരളപര്യടനത്തിനുള്ള തുടർമാർഗനിർദ്ദേശങ്ങള് പുറത്തിറക്കി. കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് പാടില്ല, സ്‌പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എ.സി വേണം തുടങ്ങിയവയാണ് പ്രധാനനിർദ്ദേശങ്ങൾ. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസിലായിരിക്കും മന്ത്രിസഭയുടെ യാത്ര
നവംബർ 18 മുതൽ ഡിസംബർ 24 വരെ നടക്കുന്ന നവകേരള സദസിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരോസദസിലും വലിയ ജനപങ്കാളിത്തം വേണമെന്നാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. കുറഞ്ഞത് 5000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കണം. ഇതിനായി പ്രത്യേക പന്തൽ തയ്യാറാക്കണം. പരിപാടിയുടെ പേരിൽ പണപ്പിരിവ് പാടില്ല. കൂപ്പൺ വച്ചോ റസീപ്റ്റ് നൽകിയോ പണപ്പിരിവ് വേണ്ട. സ്‌പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള താമസ സൗകര്യം പരമാവധി സർക്കാർ സംവിധാനങ്ങളിൽ ഒരുക്കണം.
മന്ത്രിമാരുടെ കൂടെ മൂന്ന് സ്റ്റാഫുകളെ അനുവദിക്കും. താമസസ്ഥലത്ത് തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭക്ഷണം നൽകണം. ഉച്ച ഭക്ഷണം 3 മണിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് പ്ലാൻ ചെയ്യണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. കാറുകൾ ഉപേക്ഷിച്ച് മന്ത്രിസഭ ഒന്നടങ്കം കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക കോച്ചിലാണ് യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ഹൈബ്രിഡ് ബസാണ് ഇതിനായി തയ്യാറാക്കുന്നത്. കെ സ്വിഫ്റ്റിനായി ഈ അടുത്ത് വാങ്ങിയ നോൺ എ.സി ഹൈബ്രിഡ് ബസിൽ എ.സി ഘടിപ്പിക്കും. ഇതിന് ചെറിയ രൂപമാറ്റവും നടത്തും. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേർ വേണമെന്നും നിർദ്ദേശമുണ്ട്.