അത്രയ്ക്ക് കെടുതി ബ്രഹ്മപുരത്തില്ല; പരീക്ഷകൾ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
|വിദ്യാർഥികൾ ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെയക്കാൻ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യം ബ്രഹ്മപുരത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അത്രയ്ക്ക് കെടുതി ബ്രഹ്മപുരത്തില്ല, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതുവരെ വിദ്യാർഥികൾക്ക് പരാതിയൊന്നുമില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന ആവശ്യമുന്നയിക്കുന്നത് മാധ്യമങ്ങളാണ്. പരീക്ഷക്ക് ശേഷം മാധ്യമങ്ങൾ തന്നെ വിദ്യാർഥികളോട് സ്‌കൂളിൽ കയറി അഭിപ്രായം ചോദിച്ചിരുന്നു. ആരും പരാതി ഉന്നയിച്ചില്ല. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ജില്ലാ കലക്ടറുമായി വിശദമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന ബോർഡ് നടത്തുന്ന പരീക്ഷ മാറ്റിവെയ്ക്കാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.
ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്. അതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അധികാരമുണ്ട്. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകേണ്ടത്. അതനുസരിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.