വീണാ വിജയന്റെ അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ എത്തിയതിന് വ്യക്തതയില്ല; ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും റിപ്പോര്‍ട്ട്
|എക്സാലോജിക് നൽകിയ രേഖകൾ അപര്യാപ്തമാണെന്നും ആർ.ഒ.സി റിപ്പോർട്ടിലുണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ എത്തിയതിലും വ്യക്തതയില്ലെന്ന നിലപാടുമായി ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനി (ആർ.ഒ.സി) റിപ്പോർട്ട്. സി.എം.ആർ.എല്ലും എക്സാലോജികും തമ്മിലുള്ള കരാറിനപ്പുറം വ്യക്തിപരമായ കരാറില്ല. മാത്രമല്ല, എക്സാലോജികും വീണയും നൽകിയ സേവനങ്ങൾ വേർതിരിച്ച് എടുക്കാനും കഴിയില്ല. ഇക്കാര്യത്തിൽ എക്സാലോജിക് നൽകിയ രേഖകൾ അപര്യാപ്തമാണെന്നും ആർ.ഒ.സി റിപ്പോർട്ടിലുണ്ട്.
55 ലക്ഷം രൂപയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വീണ ഒഴിഞ്ഞ് മാറിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു .പൊതു മണ്ഡലത്തിലുള്ള കാര്യം എന്ന നിലയ്ക്കുള്ള ചോദ്യത്തിന് വിശദാംശങ്ങൾ വേണമെന്നായിരുന്നു വീണയുടെ നിലപാട്.
അതേസമയം, എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി പരോക്ഷമായി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ആർ.ഒ.സി റിപ്പോർട്ട്. സർക്കാർ വകുപ്പായ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി പങ്കാളിത്തമുള്ള സി.എം.ആർ.എല്ലിന് - എക്സാലോജിക്കുമായുള്ള കരാറാണ് മുഖ്യമന്ത്രിയെ ഇതിൽ ഭാഗമാക്കാൻ ആർ.ഒ.സി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വീണ്ടും എത്തിക്കാനുള്ള രാഷ്ട്രീയ നീക്കായിട്ടാണ് ആർ.ഒ.സി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തുവരുന്നതിനെ സി.പി.എം കാണുന്നത്.