നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരീക്ഷാ സമയത്തോ ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ
|ആയൂരിലെ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെൺകുട്ടികൾ പറയുന്നു.
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. പരീക്ഷാ സമയത്തോ, അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ടും എൻടിഎ നിരീക്ഷകനും കോർഡിനേറ്ററും രേഖാമൂലം എൻടിഎക്ക് കത്ത് നൽകി. എൻടിഎ ഡ്രസ് കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി. ആരോപണം തെറ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോർഡിനേറ്റർ എൻടിഎക്ക് നൽകിയ മറുപടിയിൽ പറയുന്നത്.
അതിനിടെ ആയൂരിലെ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെൺകുട്ടികൾ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ടിരുന്നാണ് പരീക്ഷയെഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളജിൽവെച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെൺകുട്ടികൾ പറയുന്നു.
വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.