മുതലമട പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി: സ്വതന്ത്രരെ പിന്തുണച്ച് ബിജെപിയും കോൺഗ്രസും
|വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി മെമ്പർമാരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു
പാലക്കാട്: പാലക്കാട് മുതലമട പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ട്ടമായി. സ്വതന്ത്ര മെമ്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളെ കോൺഗ്രസും, ബി.ജെ.പിയും പിന്തുണച്ചു. വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ബി.ജെ.പി മെമ്പർമാരെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായാണ് വിവരം. പിന്തുണയിൽ പ്രതിഷേധിച്ച് കൊല്ലംങ്കോട് ബി.ജെ.പി മണ്ഡലം കമ്മിറ്റി ജില്ലാ പ്രസിഡന്റ് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്
19 അംഗങ്ങളുള്ള മുതലമട ഗ്രാമ പഞ്ചായത്തിൽ 8 CPM മെമ്പർമാരാണ് ഉള്ളത്. സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനും , വൈസ് പ്രസിഡന്റിനുമെതിരെ സ്വതന്ത്ര മെമ്പർമാരായ താജുദ്ദീൻ, കൽപനാ ദേവി എന്നിവർ ചേർന്നാണ് അവിശ്വാസം അവതരിപ്പിച്ചത്. 6 കോൺഗ്രസ് മെമ്പർമാരും, 3 ബി.ജെ.പി മെമ്പർമാരും അവിശ്വാസത്തെ പിന്തുണച്ചതോടെ സി.പി.എമ്മിന് ഭരണം നഷ്ട്ടമായി. കോൺഗ്രസ്, ബി.ജെ.പി കൂട്ടുകെട്ടാണ് തങ്ങളെ പുറത്താക്കിയതെന്ന് സി.പി.എം പ്രതികരിച്ചു.
അഴിമതി ഭരണത്തിനെതിരായാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ബി.ജെ.പി മെമ്പർമാരായ കെ.ജി പ്രദീപ്കുമാർ ,രാധ. സി , കെ.സതീഷ് എന്നിവരെ പാർട്ടിയിൽ നിന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് സസ്പെന്റ് ചെയ്തു. BJP കൊല്ലങ്കോട് മണ്ഡലം കമ്മറ്റി പിരിച്ച് വിട്ടു. ജില്ലാ പ്രസിഡന്റിന്റെ നടപടിയെ വിമർശിച്ച് ജില്ലാ വൈസ് പ്രസിഡന്റ്കൂടിയായ കെ.ജി പ്രദീകുമാർ മെമ്പർ രംഗത്തെത്തി