ഇത്തവണ തൃശൂര്‍ പൂരം പൊരിപൊരിക്കും; 15 ലക്ഷത്തോളം പേരെത്തുമെന്ന് പ്രതീക്ഷ
|തൃശ്ശിവപ്പേരൂർ ഇനി പൂരപ്രേമികളുടെ, ആന പ്രേമികളുടെ മേള പ്രേമികളുടെ സംഗമ ഭൂമിയാകും
തൃശൂര്‍: പ്രതിസന്ധികളെല്ലാം മാറിയതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കുകയാണ്. മെയ് 10, 11 തിയതികളിൽ നടക്കുന്ന പൂരത്തിലേക്ക് 15 ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തൃശ്ശിവപ്പേരൂർ ഇനി പൂരപ്രേമികളുടെ, ആന പ്രേമികളുടെ മേള പ്രേമികളുടെ സംഗമ ഭൂമിയാകും. രണ്ട് കൊല്ലത്തെ ഇടവേള കഴിഞ്ഞ് ആളും ആരവവും കൊണ്ട് തേക്കിൻകാട് നിറയും. എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തള്ളി തുറക്കുന്നതോടെ പൂരം വരവറിയിക്കും. പെരുവനം കുട്ടൻ മാരാരും സംഘവും ഇലഞ്ഞിത്തറയിൽ മേളപ്പെരുക്കം കൊണ്ട് പൂരം മുറുക്കും. കുടമാറ്റത്തിന് അസ്തമയ സൂര്യന്‍റെ പ്രഭയിൽ മുത്തുകുടകൾ ചിരിക്കും. പുലർച്ചെ പാറമേക്കാവും തിരുവമ്പാടിയും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുടെ കെട്ടിന് തീ കൊളുത്തിയാൽ പിന്നെ ആകാശപ്പൂരമാണ്. നേരം പുലരുന്നതോടെ വീണ്ടും കാണാമെന്ന ഉറപ്പിൽ പുരുഷാരം മടക്കയാത്ര തുടങ്ങും. കണ്ണും കാതും മനസും നിറയ്ക്കാൻ തേക്കിൻ കാട് മാടി വിളിക്കുകയാണ്.