Kerala
അൻവറുമായി ഒരു ഡീലിനുമില്ല: എം.എം ഹസൻ
Kerala

'അൻവറുമായി ഒരു ഡീലിനുമില്ല': എം.എം ഹസൻ

Web Desk
|
22 Oct 2024 3:04 AM GMT

പാലക്കാടും ചേലക്കരയിലും സിപിഎം- ബിജെപി ഡീൽ ആണെന്ന് ഹസൻ

തിരുവനന്തപുരം: പി.വി അൻവറുമായി ഒരു ഡീലിനുമില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. പി.വി അൻവറുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പാലക്കാടും ചേലക്കരയിലും സിപിഎം- ബിജെപി ഡീൽ ആണെന്നും ഹസൻ മീഡിയ വണിനോട് പറഞ്ഞു.

പാലക്കാട് യുഡിഎഫ് വൻ വിജയം നേടും. ജനങ്ങളിൽ ആവേശം നിറയ്ക്കുന്ന നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പി. സരിന് സീറ്റ് നൽകാൻ നേരത്തെ തന്നെ സിപിഎം തീരുമാനിച്ച് ആലോചിച്ചിരുന്നു. അവരുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ കലാപം ഉണ്ടാക്കിവന്നാൽ സ്ഥാനാർഥിയാക്കാമെന്നായിരുന്നു പി.സരിന് സിപിഎം നല്‍കിയ ഉറപ്പ്. ദുർബലനായ ഒരു സ്ഥാനാർഥിയെ നേരത്തെ നടന്ന ചില ഡീലിന്റെ അടിസ്ഥാനത്തിൽ സിപിഎം കണ്ടെത്തിയതാണ്. പാലക്കാട് ബിജെപി- സിപിഎം ഡീലുണ്ട്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും പകരം ചേലക്കരയിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും ഹസന്‍ പറഞ്ഞു.

യുഡിഎഫ് അൻവറുമായി മറ്റ് ചർച്ചകൾ നടത്തിയിട്ടില്ല. അൻവർ പറഞ്ഞത് ആർക്കും അംഗീകരിക്കാനാവില്ല. അദ്ദേഹം കണ്ടെത്തിയ സ്ഥാനാർഥി പി. സരിനെ പോലെ സീറ്റ് കിട്ടാതെ പോയ ആളാണ്. അൻവറുമായി ഒരു ഡീലുമില്ല. അൻവർ ഡീൽ പറയുകയും പിണറായിയെ ജയിപ്പിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.

ചേലക്കരയിലും പാലക്കാടും അൻവറിന്റെ പിന്തുണയിലുള്ള ഡിഎംകെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ ഉപാധികൾ അം​ഗീകരിക്കാതെ സ്ഥാനാർഥികളെ തത്ക്കാലം പിൻവലിക്കില്ലെന്നാണ് അൻവർ പ്രതികരിച്ചത്. ചേലക്കരയിൽ കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നും പകരം ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീറിനെ പിന്തുണക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം യുഡിഎഫുമായി വിലപേശാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ അൻവർ ആയിട്ടില്ലെന്നും സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളയാളാണ് താനെന്നും വി.ഡി സതീശൻ വ്യക്തമാക്കി. വി.ഡി സതീശന്റെ അഹങ്കാരത്തിന് വിലനൽകേണ്ടിവരുമെന്ന പി.വി അൻവറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.


Similar Posts