Kerala
No disciplinary action against PP Divya
Kerala

ദിവ്യയെ കൈവിടാതെ പാർട്ടി; ഉടൻ നടപടി വേണ്ടെന്ന് തീരുമാനം

Web Desk
|
30 Oct 2024 9:10 AM GMT

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഉടൻ നടപടി വേണ്ടെന്ന് തീരുമാനം. രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ദിവ്യയുടെ അറസ്റ്റ് ചർച്ചയായെങ്കിലും ഏതെങ്കിലും രീതിയിലുള്ള സംഘടനാപരമായ നടപടി വേണ്ട എന്നാണ് തീരുമാനിച്ചത്.

നിലവിൽ നിയമപരമായ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. നിയമനടപടികൾക്കിടെ ഉടൻ സംഘടനാ നടപടി ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ ശേഷം ജില്ലാ നേതൃയോഗം വിളിച്ച് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ.

അതിനിടെ ദിവ്യയുടെ റിമാൻഡ് റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു. പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും കുറ്റവാസനയോടെ നടപ്പാക്കിയ കൃത്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നൽകിയിട്ടുണ്ട്. ഉപഹാര വിതരണത്തിന് നിൽക്കാത്തത് ക്ഷണമില്ലാത്തതിന്റെ തെളിവാണ്. ചടങ്ങിന്റെ വീഡിയോ എടുക്കാൻ ഏർപ്പാടാക്കിയത് ദിവ്യയാണ്. പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിൽ ഇൻസ്‌പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി കൊടുത്തിട്ടുണ്ട്. നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവിൽ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകുമെന്നും റിമാൻഡ് റിപ്പോർട്ട് .ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനൽ കേസുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Similar Posts