നാളെ ദീപം തെളിയിക്കും, കേരളപ്പിറവിക്ക് മനുഷ്യ ചങ്ങല: ലഹരി വിരുദ്ധ ക്യാമ്പയിന് ശക്തമാക്കി സര്‍ക്കാര്‍
|ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഒന്നാം ഘട്ടം പൂര്‍ണ വിജയമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍
ലഹരി വിരുദ്ധ ക്യാമ്പയിന് ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ക്യാമ്പയിന്റെ ഭാഗമായി നാളെ വീടുകളില്‍ ദീപം തെളിയിക്കും. കേരളപ്പിറവി ദിനത്തില്‍ സ്കൂളുകളില്‍ മനുഷ്യ ചങ്ങല തീര്‍ത്താണ് പ്രചാരണം നടത്തുക.
ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഒന്നാം ഘട്ടം പൂര്‍ണ വിജയമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടുതല്‍ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും ക്യാമ്പയിന് ശക്തമാക്കും. ഇതിന്റെ ഭാഗമായി നാളെ വീടുകളില്‍ ദീപം തെളിയിക്കും. വായനശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
സ്കൂളുകളിലും കോളജുകളിലും ലഹരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ മനുഷ്യ ചങ്ങല തീര്‍ക്കും. ഇരുപതിനായിരത്തോളം കുട്ടികള്‍ മനുഷ്യ ചങ്ങലയുടെ ഭാഗമാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ക്യാമ്പയിന്റെ ഭാഗമായി ഇന്നലെ നിയോജക മണ്ഡലങ്ങളില്‍ ജനപ്രതിനിധികള്‍ ദീപം തെളിയിച്ചിരുന്നു.