ജഡ്ജിമാരുടെ പേരിൽ കോഴ: അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം
|തന്നെ തകർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഡ്വക്കേറ്റ് സൈബി ജോസ്
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി എന്ന കേസിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. തന്നെ തകർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഡ്വക്കേറ്റ് സൈബി ജോസ് മീഡിയവണിനോട് പ്രതികരിച്ചു.
ഹൈക്കോടതിയിലുള്ള മൂന്നു ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി എന്നായിരുന്നു അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിന് എതിരായ പരാതി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സൈബിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചത്. തനിക്കെതിരെ വലിയ ഗൂഢാലോചന ഉണ്ടായിരുന്നു തന്നെ തകർക്കാൻ ഒരു കൂട്ടർ പ്രവർത്തിച്ചിരുന്നതായും അഡ്വക്കേറ്റ് സൈബി പറയുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന സൈബീ കേസ് വന്നതിന് പിന്നാലെ സ്ഥാനം രാജി വെച്ചിരുന്നു.