കൊച്ചിയിൽ റെയ്ഡ് നടത്താൻ പോലും എക്സൈസ് ഉദ്യോഗസ്ഥരില്ല
|ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയമിച്ചതാണ് പ്രതിസന്ധിക്ക് കാരണം
എറണാകുളം: മയക്കുമരുന്ന് കേസുകൾ ദിനംപ്രതി വർധിക്കുന്ന കൊച്ചി നഗരത്തിൽ റെയ്ഡ് നടത്താൻ പോലും എക്സൈസ് ഉദ്യോഗസ്ഥരില്ല. എക്സൈസ് സർക്കിൾ- റെയിഞ്ച് ഓഫീസുകളിൽ ആണ് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത്. എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയമിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
മദ്യം മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട റെയ്ഡ്, വിമുക്തി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ക്ലാസെടുക്കുക, കോടതികളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യുക, മുൻ കേസുകളുടെ വിചാരണയ്ക്കായി കോടതികളിൽ ഹാജരാക്കുക തുടങ്ങിയവയാണ് എക്സൈസ് ഓഫീസുകളിലെ പ്രധാന ജോലികൾ. രണ്ടുപേർ സ്ഥിരമായി പാറാവ് ഡ്യൂട്ടിയും ചെയ്യണം. ഇതിനെല്ലാം കൂടി ആളെ തികയാത്ത അവസ്ഥയാണ് നിലവിൽ എക്സൈസ് ഓഫീസുകളിൽ ഉള്ളത്.
കൊച്ചി സിറ്റി എക്സൈസ് സർക്കിൾ ഓഫീസിൽ 13 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. പക്ഷേ നിലവിലുള്ളത് ഏഴ് പേർ മാത്രം. രണ്ടുപേർ സ്പെഷ്യൽ ഡ്യൂട്ടിയിലും. 10 കോടതികളാണ് സർക്കിളിന് പരിധിയിൽ ഉള്ളത്. മട്ടാഞ്ചേരി എക്സൈസ് ഓഫീസിൽ 20 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത് എന്നാൽ എത്തുന്നത് 10 പേർ. ഏഴു പേരാണ് ഇവിടെ നിന്നും സ്പെഷ്യൽ ഡ്യൂട്ടിയിൽ പോയിരിക്കുന്നത്.
ഞാറക്കൽ സ്റ്റേഷനിൽ 20 നിയമനങ്ങളിൽ 11 പേരാണ് ജോലിക്ക് എത്തുന്നത്. സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരെ കമ്മീഷണർ ഓഫീസിൽ സ്ഥിരം ആക്കിയാൽ മറ്റ് സ്റ്റേഷനുകളിൽ നിയമനങ്ങൾ നടക്കും. മറ്റ് സ്റ്റേഷനുകളിലെ ജോലിഭാരവും കുറയും. അതിന് സർക്കാർ തയ്യാറാകണം എന്നാണ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പറയുന്നത്.